എല്‍ഇഡി ബള്‍ബുകളുടെ വില കുത്തനെ കുറയുന്നു

bulb

ദില്ലി: എല്‍ഇഡി ബള്‍ബുകളുടെ വില കുത്തനെ കുറയുന്നു. രണ്ടുവര്‍ഷത്തിനിടെ എല്‍ഇഡി ബള്‍ബുകളുടെ വില പത്തിലൊന്നായാണ് കുറഞ്ഞത്. 9 വാട്ട് ബള്‍ബിന് 38 രൂപയാണ് കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

രാജ്യത്ത് ഊര്‍ജഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ സ്ഥാപനമായ എനര്‍ജി എഫിഷ്യന്റ് സര്‍വീസസ് വഴി വിതരണം ചെയ്യുന്നതിനായി ക്ഷണിച്ച ക്വട്ടേഷനിലാണ് കമ്പനികള്‍ വില ഗണ്യമായി കുറച്ചിരിക്കുന്നത്. അഞ്ച് കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് 14 കമ്പനികളാണ് ക്വട്ടേഷനുകള്‍ സമര്‍പ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ഒരു ബള്‍ബിന് 55 രൂപയാണ് കമ്പനികള്‍ ഈടാക്കിയത്. 2014 ല്‍ ഒരു ബള്‍ബിന് 310 രൂപയായിരുന്നു വില. പൊതുവിപണിയിലും ബള്‍ബുകളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 90 മുതല്‍ 100 രൂപ വരെയാണ് പൊതു വിപണിയില്‍ ഒരു എല്‍ഇഡി ബള്‍ബിന് വില.

led

രണ്ടുവര്‍ഷം മുമ്പ് രാജ്യത്തെ എല്‍ഇഡി ബള്‍ബുകളുടെ ഉത്പാദനം ഒരുമാസം 10 ലക്ഷമായിരുന്നത് ഇപ്പോള്‍ നാലു കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഇത് വില കുറയാന്‍ കാരണമായെന്ന് അധികൃതര്‍ അറിയിച്ചു.

സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു എല്‍ഇഡി ബള്‍ബ് 50 രൂപയ്ക്ക് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. സാധാരണ ബള്‍ബുകളെ അപേക്ഷിച്ച് എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുമ്പോള്‍ 80 ശതമാനം ഊര്‍ജം ലാഭിക്കാനാകും. കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരം ഇതുവരെ 15 കോടി ബള്‍ബുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

DONT MISS
Top