വളര്‍ത്തുനായയെ ഉപേക്ഷിക്കാന്‍ പറഞ്ഞു; ഉപേക്ഷിച്ചത് ഭാവിവരനെ. പെണ്‍കുട്ടിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹം

ബംഗലൂരു: കരിഷ്മയ്ക്ക് തന്റെ വളര്‍ത്തുനായ ലൂസിയെ വളരെ ഇഷ്ടമാണ്. തനിക്കും ലൂസിക്കുമിടയില്‍ മറ്റൊരാള്‍ വരുന്നത് പോലും അവള്‍ക്കിഷ്ടമല്ല. അപ്പോള്‍ ലൂസിയെ ഉപേക്ഷിക്കണമെന്ന് പറഞ്ഞാലോ? അങ്ങനെ പറഞ്ഞ തന്റെ ഭാവിവരനെത്തന്നെ കരിഷ്മ ഉപേക്ഷിച്ചു.

KarishmaWalia

കരിഷ്മയും ലൂസിയും

ഗുഡ്ഗാവില്‍ ജോലി ചെയ്യുന്ന ബംഗലൂരു സ്വദേശിയാണ് കരിഷ്മ വാലിയ. ദില്ലിയിലുള്ള ഒരാളുമായി കരിഷ്മയുടെ വിവാഹം അടുത്തിടെയാണ് നിശ്ചയിച്ചത്. ഇവര്‍ തമ്മിലുള്ള വാട്ട്‌സ്ആപ്പ് സംഭാഷണത്തിലാണ് ഭാവിവരന്‍ കരിഷ്മയോട് അവളുടെ ജീവനായ ലൂസിയെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടത്.

Karishma_WA

കരിഷ്മ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍

എന്നാല്‍ ലൂസിയെ തന്റെ കൂടെ കൂട്ടാന്‍ സമ്മതിക്കില്ലെങ്കില്‍ ഈ വിവാഹമേ വേണ്ട എന്ന ധീരമായ നിലപാടാണ് കരിഷ്മ സ്വീകരിച്ചത്. ഈ വിവരം പങ്കുവെക്കപ്പെട്ടതോടെ സോഷ്യല്‍ മീഡിയ ലോകത്ത് നിന്നും അഭിനന്ദന പ്രവാഹമാണ് കരിഷ്മയ്ക്ക് ലഭിക്കുന്നത്.

കരിഷ്മ തന്നെയാണ് ഈ വിവരം ഫെയ്‌സ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്. തന്റെ ‘വുഡ്ബി’യുമായുള്ള വാട്ട്‌സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് കരിഷ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘വിവാഹം കഴിക്കാന്‍ പോകുന്ന ആളുമായുള്ള സംഭാഷണം’ എന്നാണ് കരിഷ്മയുടെ പോസ്റ്റ്. ‘സാധ്യമായ എല്ലാ വഴികളിലൂടെയും വളര്‍ത്തു നായ്ക്കള്‍ നമ്മുടെ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷിക്കും’ എന്നും പോസ്റ്റിലുണ്ട്. മാതാപിതാക്കളും ഭാവിവരനും മനസ്സ് മാറ്റാന്‍ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കരിഷ്മ.
വാട്ട്‌സ്ആപ്പ് സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്. ഈ പ്രശ്‌നത്തിനൊരു പരിഹാരത്തെപറ്റി ആലോചിച്ചു കൂടേയെന്നും തന്റെ പ്രണയജീവിതത്തില്‍ ഒരു നായ വേണ്ടെന്നും തന്റെ അമ്മയ്ക്ക് നായ്ക്കളെ ഇഷ്ടമല്ലെന്നും പറഞ്ഞ ഭാവി വരനോട് ഇതു കൊണ്ടാണ് ഈ ബന്ധം ശരിയാകില്ല എന്ന് താന്‍ പറയുന്നത് എന്നായിരുന്നു കരിഷ്മയുടെ മറുപടി. തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ച ശേഷം വീണ്ടും ഭാവിവരന്‍ പറയുന്നത് ഇങ്ങനെ:  ‘നായസ്‌നേഹം ജീവിതത്തിലെ താല്‍ക്കാലികമായ ഘട്ടം മാത്രമാണ്, നിന്റെ ജീവിതത്തെ പറ്റിയാണ് നമ്മള്‍ സംസാരിക്കുന്നത്.’ ഇതിന് മറുപടിയായി കരിഷ്മ പറയുന്നത് ഇങ്ങനെ: ‘അതെ, എനിക്ക് ഉറപ്പാണ്. നായയെ സ്വന്തമാക്കുക എന്നത് ജീവിതത്തിലെ താല്‍ക്കാലിക ഘട്ടമല്ല.  ആര്‍ക്ക് വേണ്ടിയും എന്റെ വളര്‍ത്തുനായയെ ഞാന്‍ ഉപേക്ഷിക്കില്ല.’ എങ്കില്‍ നായയെ തന്നെ വിവാഹം കഴിക്കാന്‍ പറഞ്ഞ ഭാവിവരനോട്, നമ്മള്‍ തമ്മിലുള്ള ബന്ധം ശരിയാകാത്തതിന് ദേഷ്യം പിടിക്കേണ്ട എന്ന് പറഞ്ഞാണ് കരിഷ്മ സംഭാഷണം അവസാനിപ്പിക്കുന്നത്.
DONT MISS
Top