തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്: ഒരു ലക്ഷം രൂപ തട്ടിയെടുത്തു

atm-malware-threat-grows-worldwide-showcase_image-2-a-8788

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ എടിഎം തട്ടിപ്പ്. ചെമ്പഴന്തി സ്വദേശിക്കും പ്രവാസി മലയാളിക്കും അരലക്ഷം രൂപ വീതമാണ് നഷ്ടമായത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ വിനീതിന് 49,156 രൂപ നഷ്ടപ്പെട്ടു. ഇന്നലെയായിരുന്നു സംഭവം. കഴിഞ്ഞ 12ന് സ്വകാര്യ ഡിടിഎച്ച് സര്‍വ്വീസ് റീ ചാര്‍ജ് ചെയ്യാന്‍ വിനീത് 2,500 രൂപയുടെ ഓണ്‍ലൈന്‍ ഇടപാട് നടത്തിയിരുന്നു. ഇതിനായി അക്കൗണ്ട് നമ്പരും മറ്റും കൈമാറിയിരുന്നു.

പിന്നാലെ വ്യാഴാഴ്ച ഉച്ചയോടെ വിനീതിന്റെ അക്കൗണ്ടില്‍ നിന്ന് 49,156 രൂപ നഷ്ടമാവുകയായിരുന്നു. പരാതി മെഡിക്കല്‍ കോളേജ് പൊലീസിന് കൈമാറിയിട്ടുണ്ട്. വിനീതിന്റെ പരാതിയില്‍ കേസെടുത്ത മെഡിക്കല്‍ കോളേജ് പൊലീസ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രവാസി മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ അരവിന്ദാണ് പണം നഷ്ടപ്പെട്ട രണ്ടാമത്തെയാള്‍. 52,000 രൂപയാണ് അരവിന്ദിന് നഷ്ടമായത്. പട്ടത്തെ ആക്‌സിസ് ബാങ്കിലാണ് അരവിന്ദിന് അക്കൗണ്ടുള്ളത്. പല എടിഎമ്മുകളില്‍ നിന്നായാണ് പണം പിന്‍വലിച്ചിരിക്കുന്നത്. അരവിന്ദ് മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

DONT MISS
Top