ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സീരിയല്‍ താരങ്ങളുടെ പട്ടികയില്‍ പ്രിയങ്കാ ചോപ്ര

priyanka-2

പ്രിയങ്ക ചോപ്ര

ബോളിവുഡ് സിനിമാലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. താരത്തിന് വിദേശത്തും ആരാധകര്‍ ഏറെയാണ്. അഭിനയ മികവുകൊണ്ടും പ്രേക്ഷകരുടേയും നിരൂപകരുടേയും ശ്രദ്ധ പിടിച്ച് പറ്റിയ നടിയാണ് പ്രിയങ്ക. താരത്തിന്റെ തൊപ്പിയില്‍ പുതിയൊരു പൊന്‍തൂവല്‍ കൂടി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സീരിയല്‍ താരങ്ങളുടെ പട്ടികയില്‍ ടോപ്പ് ടെന്നില്‍ ഇടം നേടിയിരിക്കുകയാണ് ബോളിവുഡിലെ സ്വപ്‌ന റാണി.

ഫോബ്‌സ് മാസിക തയ്യാറാക്കിയ പട്ടികയിലാണ് താരം ആദ്യ പത്തില്‍ ഇടം നേടിയത്. പ്രശസ്ത ഇംഗ്ലീഷ് ചാനലായ എബിസി സംപ്രേക്ഷണം ചെയ്യുന്ന ‘ക്വാണ്ടികോ’ എന്ന സീരിയലിലെ   പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയങ്കയാണ്. സീരിയലില്‍ നിന്നും ലഭിക്കുന്ന പ്രതിഫലവും പരസ്യചിത്രങ്ങളില്‍ നിന്നും ലഭിക്കുന്നതും ചേര്‍ന്നാല്‍ പതിനൊന്ന് മില്ല്യണ്‍ യുഎസ് ഡോളര്‍ വരും താര റാണിയുടെ സമ്പാദ്യം. പട്ടികയിലുള്ള മറ്റൊരു ഇന്ത്യന്‍ നടി ദീപിക പാദുക്കോണാണ്. പത്താം സ്ഥാനത്തുള്ള ദീപികയുടെ സമ്പാദ്യം പത്ത് മില്ല്യണാണ്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ നടിമാരില്‍ ഒന്നാമതും പ്രിയങ്കയാണ്.

മോഡേണ്‍ ഫാമിലിയിലെ നായിക സോഫിയ വെര്‍ഗറയാണ് പട്ടികില്‍ ഒന്നാമത്. നാല്‍പ്പത്തി മൂന്ന് മില്ല്യനാണ് സോഫിയയുടെ സമ്പത്ത്. സൂപ്പര്‍ ഹിറ്റ് ടിവി സീരിയലായ ബിഗ് ബാങ് തിയറിയിലെ നായിക കേയിലി കുക്കു രണ്ടാം സ്ഥാനത്തും ഇന്ത്യന്‍ വംശജയായ മിന്‍ഡി കാലിഗ് മൂന്നാമതുമാണ്. ഏഴാമതാണ് പ്രിയങ്കയുടെ സ്ഥാനം.

സിഐഎ ഏജന്റ് അലക്‌സ് പാരിഷ് എന്ന കഥാപാത്രവുമായി ക്വാണ്ടികോയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. അധികം വൈകാതെ തന്നെ പ്രിയങ്ക നായികയായി ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കും. ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഡ്വൊയ്ന്‍ ജോണ്‍സണ്‍ നായകനായ ബേവാച്ചാണ് പ്രിയങ്കയുടെ അരങ്ങേറ്റ ചിത്രം. ഓസ്‌കാര്‍ അവതാരികയായും ടൈംസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയില്‍ ഇടം നേടിയും പ്രിയങ്ക വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.

രണ്‍ബീര്‍ സിംഗ് നായകനായ ബാജീ റാവു മസ്താനി, ജയ് ഗംഗാജല്‍ എന്നിവയാണ് പ്രിയങ്കയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍.

DONT MISS
Top