മനം നിറഞ്ഞ് മലയാളം: ലോകമെമ്പാടുമുള്ള മലയാളികള്‍ ആഘോഷത്തിമിര്‍പ്പോടെ ഓണം ആഘോഷിച്ചു

onam

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിച്ചു. സ്വദേശത്തും വിദേശത്തുമുള്ള മലയാളികള്‍ക്ക് ഒരുപോലെ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ടാണ് തിരുവോണം കടന്നുപോയത്. കേരളത്തിലെ ഗ്രാമാന്തരങ്ങളിലുള്ള വീടുകളുടെ മുറ്റത്ത് കുട്ടികളും മുതിര്‍ന്നുവരും ചേര്‍ന്ന് പൂക്കളം ഒരുക്കി ഉച്ചയ്ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. നഗരങ്ങളില്‍ പൊതുവെ പൂക്കളവും സദ്യയും അപൂര്‍വമായിരുന്നെങ്കിലും തീരെ ഇല്ലാതായില്ല.

ഗ്രാമങ്ങളിലും നഗരങ്ങളിലും വിവിധ സംഘടനകളും മറ്റും ഓണാഘോഷവുമായി ബന്ധപ്പെട്ട് വിവിധതരം കളികളും കലാപരിപാടികളും ഒരുക്കിയിരുന്നു. പ്രവാസി മലയാളികള്‍ക്ക് ഈ ഓണം ഓര്‍മ്മകളിലേക്കുള്ള ഒരു മടങ്ങിപ്പോക്കായി. വിവിധ മലയാളി സംഘടനകളും പ്രത്യേകം ഓണാഘോഷച്ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ചിലരുടെ ഓണാഘോഷം യാത്രകളിലായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുകയും സ്ഥിരതാമസമാക്കുകയും ചെയ്തവര്‍ നാട്ടില്‍ വന്നതിനു ശേഷം തിരിച്ചുപോക്കിനുള്ള തയ്യാറെടുപ്പിലാണ്. ചിലര്‍ തിരുവോണദിവസം ഉച്ചയൂണു കഴിഞ്ഞയുടന്‍ ഇറങ്ങുകയും ചെയ്തു. ഇവരെ സംബന്ധിച്ചിടത്തോളം ഓണം ഒരു യാത്രയായിരുന്നു. മറ്റു ചിലര്‍ മൂന്നാം ഓണത്തിനും നാലാം ഓണത്തിനുമായി പഴയ തട്ടകങ്ങളിലേക്ക് തിരിച്ചുചെല്ലുകയായി.

പുതുപുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് ഓടിനടക്കുന്ന കുട്ടികളാണ് ശരിക്കും ഓണമാഘോഷിച്ചതെന്ന് പറയാം. ഓണവുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും ഓണസദ്യയും നടന്നു. ഗുരുവായൂരിലും ശബരിമലയിലും ഓണം പ്രമാണിച്ച് വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും കേരളസര്‍ക്കാരും ഓണാഘോഷത്തിന് പഞ്ഞം വരുത്തിയില്ല. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓണം വാരാഘോഷം നടക്കുന്നുണ്ട്.

DONT MISS
Top