43 വര്‍ഷമായി ഓണം ആഘോഷിക്കുന്നത് മാനസികാരോഗ്യ കേന്ദ്രത്തില്‍ ; വ്യത്യസ്തരായി ഒരു കുടുംബം

അന്തേവാസികള്‍ക്കായി ഭക്ഷണം തയ്യാറാക്കുന്ന കാര്‍ത്തികും കുടുംബവും

അന്തേവാസികള്‍ക്കായി ഭക്ഷണം തയ്യാറാക്കുന്ന കാര്‍ത്തികും കുടുംബവും

കോഴിക്കോട്: നാട് മുഴുവന്‍ ഓണാഘോഷത്തിനായ് പരക്കംപായുമ്പോള്‍ മാസികാരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്കും ജോലിക്കാര്‍ക്കും മറ്റും സദ്യ ഒരുക്കുന്നതിലാണ് ഇവര്‍ ആനന്ദം കണ്ടെത്തുന്നത്. നാല്‍പ്പത്തി മൂന്ന് വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഈ ശീലം ആരംഭിച്ചിട്ട്. സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി മാനസികാരോഗ്യ കേന്ദ്രത്തിന് അകത്തേക്ക് നേരിട്ട് പ്രവേശിച്ച് ഭക്ഷണം വിളമ്പാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല.

എന്നാലും ഇപ്പോഴും കുടുംബ സമേതം ഭക്ഷണവുമായെത്തി എല്ലാവരും കഴിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷമേ ഇവര്‍ മടങ്ങാറുള്ളു. കേന്ദ്രവുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുകയും കേന്ദത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്ത ആളായിരുന്നു മുത്തശ്ശന്‍, അദ്ദേഹം തുടങ്ങിവെച്ചത് അതേ അര്‍പ്പണ ബോധത്തോടെ തുടരുകമാത്രമാണ് ചെയ്യുന്നതെന്ന് കൊച്ചുമകന്‍ എപി കാര്‍ത്തിക് പറഞ്ഞു. കാര്‍ത്തികാണ് ഓണാഘോഷപരുപാടിയ്ക്ക് ഇന്ന് നേതൃത്വം നല്‍കുന്നത്. അന്തേവാസികളും ജീവനക്കാരും ഉള്‍പ്പടെ അഞ്ഞൂറ്റി അമ്പതിലധികം പേര്‍ക്കുള്ള ഓണസദ്യയാണ് നല്‍കുന്നത്.

കുടുംബത്തിന്റെ പ്രവര്‍ത്തി സമൂഹത്തിന് മാതൃകയാണെന്നും മാനസികാരോഗ്യ കേന്ദ്രത്തോടും രോഗികളോടുള്ള ജനങ്ങളുടെ സമീപനത്തില്‍ ഗണ്യമായ മാറ്റം വന്നിട്ടുണ്ടെന്നും സുപ്രണ്ട് ഡോ: എന്‍ രാജേന്ദ്രന്‍ പറഞ്ഞു.

DONT MISS
Top