‘ഗുജറാത്തിന്റെ ദുര്‍ഗന്ധം’ അറിയാന്‍ അമിതാഭ് ബച്ചന് ആയിരത്തില്‍പരം ദലിതരുടെ ക്ഷണം

amitab bachan

അഹമ്മദബാദ്: ഗുജറാത്തില്‍ ദലിത് സമൂഹം നേരിടുന്ന പ്രതിസന്ധികളെ പശ്ചാത്തലമാക്കി, ഗുജറാത്ത് ടൂറിസം ബ്രാന്‍ഡ് അംബാസിഡര്‍ അമിതാഭ് ബച്ചന് 1100 പോസ്റ്റ് കാര്‍ഡുകള്‍ അയച്ച് ദലിത് സമൂഹം. ബദ്ബു ഗുജറാത്ത് കീ (ഗുജറാത്തിന്റെ ദുര്‍ഗന്ധം) എന്ന മുദ്രാവാക്യം പോസ്റ്റ് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയാണ് ദലിത് സമൂഹം പ്രതിഷേധം അറിയിക്കുന്നത്.

ഖുശ്ബു ഗുജറാത്ത് കീ ( ഗുജറാത്തിന്റെ സുഗന്ധം)  എന്ന ഗുജറാത്ത് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരസ്യവാചകത്തെ പരിഹസിച്ചാണ് ദലിത് സമൂഹം തങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പശ്ചാത്തലമാക്കി ബദ്ബു ഗുജറാത്ത് കീ (ഗുജറാത്തിന്റെ ദുര്‍ഗന്ധം) എന്ന പ്രചരണവുമായി നേരിടുന്നത്. ഗാന്ധിനഗര്‍ ജില്ലയിലെ കലോള്‍ നഗരത്തില്‍ നിന്നുമാണ് ‘ഗുജറാത്ത് കീ ബദ്ബു’ എന്ന ദലിത് പ്രചരണം ആരംഭിച്ചിരുന്നത്.

ഒട്ടനേകം പശുക്കളുടെ ജഡങ്ങളാണ് ഗുജറാത്തിന്റെ നിരത്തുകളില്‍ അഴുകുന്നതെന്നും ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായ അമിതാഭ് ബച്ചന് ഇതിനെ അനുഭവിച്ചറിയണമെന്നാണ് ദലിത് സമൂഹം ആവശ്യപ്പെടുന്നതെന്ന് ‘ഉനാ ദലിത് അത്യാചാര്‍ ലാഡത് സമിതി’ കണ്‍വീനര്‍ ജിഗ്നേഷ് മേവാനി വ്യക്തമാക്കി. പശുക്കളുടെ തൊലി ഉരിച്ചെന്ന് ആരോപിച്ച് ദലിതര്‍ക്കെതിരെ അക്രമം അഴിച്ച് വിട്ടതിന്റെ പശ്ചാത്തലത്തില്‍ ‘ഉനാ ദലിത് അത്യാചാര്‍ ലാഡത് സമിതി’യുടെയും ‘രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ചി’ന്റെയും നേതൃത്വത്തിലാണ് പോസ്റ്റ് കാര്‍ഡ് പ്രതിഷേധം അമിതാഭ് ബച്ചനെ അറിയിച്ചത്.

അമിതാഭ് ബച്ചന്റെ മുംബൈ വിലാസത്തിലാണ് 1100 ഓളം പോസ്റ്റ് കാര്‍ഡുകള്‍ അയച്ചതെന്ന് മേവാനി അറിയിച്ചു. കാലോളില്‍ നിന്നും 1100 ദലിതന്മാരാണ് ഗുജറാത്തിലെ സാഹചര്യങ്ങളെ മനസ്സിലാക്കാന്‍ അമിതാഭ് ബച്ചനെ പോസ്റ്റ് കാര്‍ഡിലൂടെ ക്ഷണിച്ചിരിക്കുന്നത്. നൂറില്‍ പരം പശുക്കളുടെ ജഡങ്ങളാണ് ഗുജറാത്തില്‍ ചീഞ്ഞഴുകുന്നതെന്നും തങ്ങള്‍ പശുക്കളെ മറവ് ചെയ്യാന്‍ തയ്യാറാകില്ലെന്നും ദലിത് കത്തിലൂടെ അമിതാഭ് ബച്ചനെ അറിയിച്ചു.

ദലിത് നേതാക്കളുടെ സംഘം ഉടന്‍ പ്രതിഷേധം അറിയിച്ച് കൊണ്ടുള്ള പോസ്റ്റ് കാര്‍ഡ് അമിതാഭ് ബച്ചന് നേരിട്ട് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതായും മേവാനി അറിയിച്ചു.

DONT MISS
Top