മലയാളികള്‍ തിരുവോണം ആഘോഷിക്കുന്നു

onam

കൊച്ചി : ഐശ്വര്യത്തിന്റെയും സമഭാവനയുടെയും സ്മരണകളുണര്‍ത്തി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു.

കള്ളവും ചതിയുമില്ലാതെ ഒരു കാലത്തിന്റെ ഓര്‍മ പുതുക്കുന്ന ദിനം. പൂക്കളമിട്ടും ഓണത്തപ്പനെ എതിരേറ്റും ഓണക്കോടികളുടുത്തും മലയാളികള്‍ ഗൃഹാതുരമായ ആ നല്ല കാലത്തിന്റെ സ്മരണ പുതുക്കുന്നു.

വാമനന്റെ വേഷത്തിലെത്തിയ മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മഹാബലിയുടെ സ്മരണയുമായാണ് മലയാളി ഓണം ആഘോഷിക്കുന്നത്. മാവേലി മലയാള നാട് കാണാനിറങ്ങുന്ന സുദിനമാണ് തിരുവോണം. കുടുംബാംഗങ്ങള്‍ ഒന്നു ചേര്‍ന്ന് ഓണസദ്യ കഴിച്ചും, ഓണക്കളികള്‍ കളിച്ചും സന്തോഷം പങ്കുവയ്ക്കുന്ന ദിനം.

ചരിത്ര പ്രസിദ്ധമായ എറണാകുളം തൃക്കാക്കര ക്ഷേത്രത്തില്‍ തിരുവോണ ദിനമായ ഇന്ന് വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് ഇവിടെ വെച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ തന്നെ തിരുവോണദിനത്തില്‍ ഭേത്രത്തില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. മഹാബലിയെ വരവേല്‍ക്കുന്ന ചടങ്ങിന് ശേഷം വിഭവ സമൃദ്ധമായ തിരുവോണ സദ്യയും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഉത്രാടപ്പാച്ചിലില്‍ അവസാന വട്ട ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയാണ് മലയാളികള്‍ ഇന്നലെ ഉറങ്ങിയത്. പച്ചക്കറി, പലചരക്ക്, തുണിക്കടകളിലൊക്കെ ഇന്നലെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ഇന്ത്യയിലും വിദേശത്തുമുള്ള കേരളീയരായ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ഓണാശംസകള്‍ നേരുന്നതായി രാഷ്ട്രപതി സന്ദേശത്തില്‍ അറിയിച്ചു. ഓണം രാജ്യത്ത് സമൃദ്ധിയും സമാധാനവും സന്തോവും നിറയ്ക്കട്ടെയെന്ന് ഉപരാഷ്ട്രപതി തന്റെ സന്ദേശത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഓണാശംസകള്‍ നേര്‍ന്നു.

DONT MISS
Top