വരുന്നു ഐഒഎസ് 10 ന്റെ അപ്‌ഡേറ്റ്; രാത്രി 10.30 ഒാടെ ആപ്പിള്‍ ഇന്ത്യയില്‍ അപ്‌ഡേറ്റ് നല്‍കി തുടങ്ങും

ios 10

ദില്ലി: ഐഫോണുകള്‍ക്കായി ആപ്പിള്‍ തങ്ങളുടെ പുതിയ വേര്‍ഷനായ ഐഒഎസ് 10 (ios 10) നെ എത്തിക്കുന്നു. സെപ്റ്റംബര്‍ 13ന് ഇന്ത്യന്‍ സമയം രാത്രി 10.30 ഓടെയാണ് ഐഒസ് 10ന്റെ അപ്‌ഡേറ്റ് ലഭ്യമായി തുടങ്ങുക. ഐഒഎസ് ശ്രേണിയിലെ ഏറ്റവും മികവുറ്റതായ അപ്‌ഡേറ്റാണ് ഐഒഎസ് 10ലൂടെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക എന്ന് ആപ്പിള്‍ വ്യക്തമാക്കുന്നുണ്ട്.

ഐഒസ് 10 മായി ബന്ധപ്പെട്ട ചില സംശയങ്ങളിലേക്ക്-

ഏതൊക്കെ ഐഫോണ്‍ മോഡലുകള്‍ക്കാണ് ഐഒസ് 10 ലഭിക്കുക?

ഐഫോണ്‍ 6 എസ്(iphone 6s), ഐഫോണ്‍ 6 എസ് പ്ലസ്(iphone 6s plus), ഐഫോണ്‍ 6(iphone 6), ഐഫോണ്‍ 6 പ്ലസ്(iphone 6 plus), ഐഫോണ്‍ എസ്ഇ(iphone SE), ഐഫോണ്‍ 5 എസ്(iphone 5s), ഐഫോണ്‍ 5 സി(iphone 5c), ഐഫോണ്‍ 5 (iphone 5) എന്നീ മോഡലുകള്‍ക്കാണ് ആപ്പിള്‍ ഐഒഎസ് 10 ന്റെ അപ്‌ഡേറ്റ്(ios 10 update) നല്‍കുക.
കൂടാതെ, ഐപാഡ് പ്രോ 12.9 ഇഞ്ച്(ipad pro 12.9 inch), ഐപാഡ് പ്രോ 9.7 ഇഞ്ച്(ipad pro 9.7 inch), ഐപാഡ് എയര്‍ 2(ipad air 2), ഐപാഡ് എയര്‍(ipad air), ഐപാഡ് 4 ജനറേഷന്‍(ipad 4th Generation), ഐപാഡ് മിനി 4(ipad mini 4), ഐപാഡ് മിനി 3(ipad mini 3), ഐപാഡ് മിനി 2 (ipad mini 2) എന്നീ മോഡലുകള്‍ക്കും ഐഒഎസ് 10 ലഭിക്കും. ഒപ്പം, 6 ആം ജനറേഷന്‍ ഐപോഡ് ടച്ച് (ipod touch) മോഡലിനും ഐഒസ് 10 ന്റെ അപ്‌ഡേറ്റ് ആപ്പിള്‍ നല്‍കും.

അപ്‌ഡേറ്റിനെ എങ്ങനെ ഐഫോണ്‍/ഐപാഡ് മോഡലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യും?

ഐഒഎസ് 10 നെ മൂന്ന് തരത്തില്‍ ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാം.

1. OTA അപ്‌ഡേറ്റ്: മേല്‍ പറഞ്ഞ ഐഫോണ്‍/ഐപാഡ് മോഡലുകളില്‍ ഐഒഎസ് 10 നെ നേരിട്ട് ആപ്പിള്‍ ഒടിഎ മുഖേന ലഭ്യമാക്കും.

2. മാനുവല്‍ അപ്‌ഡേറ്റ്: സെറ്റിങ്ങ്‌സില്‍ ചെന്ന് ജനറല്‍ ഓപ്ഷനില്‍ നിന്നും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ക്ലിക്ക് ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് ഐഒഎസ് 10 അപ്‌ഡേറ്റ് ലഭിക്കും. അപ്‌ഡേറ്റുകള്‍ വൈഫൈ മുഖേന മാത്രമാണ് ഡൗണ്‍ലോഡ് ചെയ്യപ്പെടുകയുള്ളു.

3. ഐട്യൂണ്‍സ് (itunes) മുഖേന: മുന്‍ കാലങ്ങളിലെ പതിവ് രീതിയില്‍ മാറ്റം ഉള്‍ക്കൊള്ളിക്കാതെ ഇത്തവണയും കംമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഐട്യൂണ്‍സ് മുഖേന ഐഒഎസ് 10 നെ ആപ്പിള്‍, ഐഫോണുകളില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍, ഏറ്റവും പുതിയ ഐട്യൂണ്‍ സോഫ്റ്റ്‌വെയറാണ് കംമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുള്ളതെങ്കില്‍ ഐഒഎസ് 10 ന്റെ അപ്‌ഡേറ്റ് ലഭിക്കുകയില്ല.

ഐഒസ് 10 ഇന്‍സ്റ്റാള്‍ ചെയുന്നതിന് മുമ്പ് ഡാറ്റ ബാക്ക് അപ്പ് ചെയ്യേണ്ടതുണ്ടോ?

അപ്‌ഡേറ്റില്‍ ഡാറ്റ നഷ്ടപ്പെടില്ലെങ്കിലും ചില അപൂര്‍വ സാഹചര്യങ്ങളില്‍ ഡാറ്റ നഷ്ടപ്പെട്ട സന്ദര്‍ഭങ്ങളും ഉടലെടുത്തിട്ടുണ്ട്. അതിനാല്‍, ഐക്ലൗഡ് (icloud) മുഖേനയും, ഐട്യൂണ്‍സ്(itunes) മുഖേനയും ഡാറ്റ ബാക്ക് അപ്പ് ചെയ്യാവുന്നതാണ്.

ഐഒഎസ് 10 ന്റെ അപ്‌ഡേറ്റിന് എത്ര സ്റ്റോറേജ് സ്‌പേസ് ആവശ്യം വരും?

മുമ്പ് ഐഒഎസ് 8 ന്റെ (ios 8) അപ്‌ഡേറ്റ് ലഭ്യമാക്കിയതിന്റെ പിന്നാലെ സ്റ്റോറേജ് സ്‌പേസിന്റെ (storage space) കാര്യത്തില്‍ ആപ്പിള്‍ ഏറെ വിമര്‍ശനം ഏറ്റ് വാങ്ങിയിരുന്നു. ഐഒഎസ് 10 ന് എത്ര മാത്രം സ്റ്റോറേജ് സ്‌പേസ് ആവശ്യമാണെന്നതിന് ആപ്പിള്‍ വ്യക്തമായ അറിയിപ്പ് നല്‍കുന്നില്ല. എന്നാല്‍ 1.7 ജിബി വരുന്ന ഐഒഎസ് 10 അപ്‌ഡേറ്റിന് കുറഞ്ഞ പക്ഷം 4 ജിബി സ്റ്റോറേജ് സ്‌പേസെങ്കിലും ഫോണില്‍ അനുവദിക്കുന്നത് അനിവാര്യമാണ്.

എപ്പോഴാണ് ഐഒഎസ് 10 അപ്‌ഡേറ്റ് ലഭിച്ച് തുടങ്ങുക?

ബെറ്റാ വര്‍ഷന്‍ ഉപയോഗിക്കുന്ന ഐഫോണുകളില്‍ ഐഒഎസ് 10 ന്റെ അവസാന ഔദ്യോഗിക അപ്‌ഡേറ്റ് ആപ്പിള്‍ നേരത്തെ നല്‍കി തുടങ്ങിയിരുന്നു. എന്നാല്‍ പസിഫിക് ഡേലൈറ്റ് സമയം 10 AM ത്തിന് ശേഷം മാത്രമാണ് രാജ്യാന്തര തലത്തില്‍ ആപ്പിള്‍ ഐഒഎസ് 10 ന്റെ അപ്‌ഡേറ്റ് നല്‍കി തുടങ്ങുക. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10.30 ഒാടെയാണ് ആപ്പിള്‍ എെഒഎസ് 10 അപ്ഡേറ്റിനെ ഇന്ത്യയില്‍ നല്‍കുക.

DONT MISS
Top