മോഹന്‍ ബഗാനെ കരകയറ്റാന്‍ കിങ് ഖാനും എതിഹാദ് ഗ്രൂപ്പും

MOHAN-BAGAN

representation image

കൊല്‍ക്കത്ത: സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങികിടക്കുന്ന മോഹന്‍ ബഗാനെ കരകയറ്റാന്‍ ഏയര്‍ലൈന്‍ ഭീമന്‍മാരായ എതിഹാദ് ഗ്രുപ്പ് ഒരുങ്ങുന്നു. 127 വര്‍ഷത്തെ പാരമ്പര്യമുള്ള മോഹന്‍ ബഗാന്‍ പ്രതാപ കാലത്തിന്റെ നിഴലായി മാറുന്ന സാഹചര്യത്തിലാണ് ക്ലബ് അധികൃതര്‍ ടീമിന്റെ ഉടമസ്ഥത കൈമാറാന്‍ തയ്യാറായത്. എതിഹാദിനെ കൂടാതെ ബോളിവുഡ് സൂപ്പര്‍ താരവും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമയുമായ ഷാരുഖ് ഖാനുമായും ചര്‍ച്ച നടക്കുന്നുണ്ട്.

ക്ലബ് ഫുട്‌ബോള്‍ ഭീമന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റി ഉള്‍പ്പടെ പല പ്രമുഖ അന്താരാഷ്ട്ര ക്ലബുകളുടേയും സ്പോണ്‍സറാണ്  എതിഹാദ് ഗ്രൂപ്പ്. വിജയ് മല്ല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ നിയന്ത്രണം രണ്ടായിരത്തി പതിനാലില്‍ തിയാഗോ ഏറ്റെടുത്തതിന് ശേഷമാണ് ബഗാന് ലഭിച്ചിരുന്ന സാമ്പത്തിക പിന്തുണ ഇല്ലാതായത്. എതിഹാദ് ഗ്രൂപ്പ് ടീമിനെ ഏറ്റെടുക്കുകയാണെങ്കില്‍ ടീമിനും ആരാധകര്‍ക്കും ഒരുപോലെ അത് ആശ്വാസമാകും. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായി ഐലീഗിന്റെ ഈ സീസണ്‍ ആരംഭിച്ച മറൈനേഴ്‌സ് റണ്ണേഴ്‌സ് അപ്പായാണ് സീസണ്‍ അവസാനിപ്പിച്ചത്.

എതിഹാദ് ഗ്രൂപ്പിന് പുറമേ ഷാരൂഖ് ഖാനുമായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്‍ക്കത്ത തന്നെ ആസ്ഥാനമായുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയാണ് ഷാരുഖ്. കൊല്‍ക്കത്തയിലെ ജനങ്ങളുമായി രണ്ടായിരത്തി എട്ടുമുതല്‍ നല്ല ആത്മബന്ധം കാത്ത് സൂക്ഷിക്കുന്ന ഷാരുഖുമായി കരാറിലെത്താണ് കുടുതല്‍ സാധ്യതയെന്നാണ് അറിയുന്നത്. ഷാരൂഖിന്റെ ടീം രണ്ട് വട്ടം ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. താരത്തിന് ഫുട്‌ബോളിനോടുള്ള താല്‍പര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഐഎസ്എല്ലില്‍ കൊല്‍ക്കത്തയുടെ ഫ്രാഞ്ചൈസിക്കായി താരം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.

കൊല്‍ക്കത്തയ്ക്ക് പുറമെ രാജ്യത്തുടനീളം ആരാധകരുള്ള മോഹന്‍ ബഗാന്‍. ചിരവൈരികളായ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും തമ്മിലുള്ള നൂറ്റാണ്ടിന്റെ പഴക്കമുള്ള കൊല്‍ക്കത്ത ഡര്‍ബി കാണാന്‍ പതിനായിരങ്ങളാണ് ഗ്യാലറിയില്‍ അണിനിരക്കുന്നത്. ഫ്രഞ്ച് സ്‌പോര്‍ട്‌സ് കമ്പനിയായ ലഗാര്‍ഡറേയുമായും അധികൃതര്‍ ചര്‍ച്ച നടത്തിവരുന്നുണ്ട്.

DONT MISS
Top