മദ്യത്തില്‍ മുങ്ങി മലയാളികളുടെ ഓണം; ആദ്യ നാല് ദിവസം മദ്യ വില്‍പനയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ദ്ധന

BIVERAGES

വിദേശ മദ്യഷോപ്പിന് മുന്നിലെ നീണ്ട ക്യൂ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പനയില്‍ വന്‍ വര്‍ധനവ്. ആദ്യ നാലു ദിവസം മാത്രം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ധനവാണ് മദ്യവില്‍പനയില്‍ ഉണ്ടായത്. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തിനിടയില്‍ മുന്‍ വര്‍ഷത്തേക്കാളും 172 കോടിയുടെ അധിക മദ്യവില്‍പന ബീവറേജസ് കോര്‍പ്പറേഷന്‍ നടത്തി.

ഓണാഘോഷം ആരംഭിച്ചപ്പോള്‍ തന്നെ സംസ്ഥാനത്ത് ഓണ വിപണിക്കൊപ്പം മദ്യവിപണിയും സജീവമായി എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സെപ്തംബര് 6 മുതല്‍ 9 വരെയുള്ള നാലു ദിവസം മാത്രം 184 കോടിയുടെ മദ്യമാണ് ബീവറേജസ് കോര്‍പ്പറേഷന്‍ വിറ്റു തീര്‍ത്തത്, മുന്‍ വര്‍ഷം ഇതേസമയം 147 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. 37 കോടി രൂപ ആദ്യ ദിനങ്ങളിലെ ലാഭം. അതായത് 25 ശതമാനം വര്‍ധനവ്. സെപ്തംബര്‍ 6 ന് 43 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ 7ാം തീയതി അത് 47 കോടി രൂപയായി ഉയര്‍ന്നു. എട്ടിന് 44 കോടി രൂപയുടേയും 9 ന് 49 കോടി രൂപയുടേയും മദ്യം മലയാളി കുടിച്ചു തീര്‍ത്തു. 125 കോടിയോളം രൂപയുടെ മദ്യം വിറ്റഴിച്ചത് ബീവറേജസ് ഔട്ട്‌ലറ്റ് വഴി മാത്രം.

ഈ സാമ്പത്തിക വര്‍ഷം മദ്യവില്‍പനയില്‍ വര്‍ധനവുണ്ടാന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്. ആഗസ്റ്റ് വരെയുള്ള 5 മാസത്തിനിടയില്‍ 5016 കോടി രൂപ മദ്യവില്‍പ്പനയിലൂടെ ബീവറേജസ് സമ്പാദിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില് 4844 കോടി രൂപയായരുന്നു വരുമാനം. 4 ശതമാനത്തോളം അധിക വരുമാനം. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില്‍പ്പനയിലാണ് കൂടുതല്‍ വര്‍ധനവ്. മുന്‍ വര്‍ഷങ്ങളില്‍ 5000 കെയ്‌സ് വൈനാണ് ഒരു മാസം വില്‍പ്പന നടത്താറുള്ളതെങ്കില്‍ ഇപ്പോളത് 12000 ഓളം ആയി വര്‍ധിച്ചു. മദ്യത്തില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി വരുമാനത്തിലും വന്‍ വര്‍ധനവ് ഉണ്ടായി. ഈ സാമ്പത്തിക വര്‍ഷം 4352 കോടി രൂപയാണ് സര്‍ക്കാരിന് ബീവറേജസ് കോര്‍പ്പറേഷന് നല്‍കിയത്. മുന്‍ വര്‍ഷമത് 4080 കോടി ആയിരുന്നു. 272 കോടി ഇപ്പോള്‍ തന്നെ അധികം.

അതിനിടെ, കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെ മദ്യശാലകളില്‍ നിന്നും കേരളത്തിലേക്ക് മദ്യക്കടത്ത് വ്യാപകമായിരിക്കുകയാണ്. വടക്കന്‍ ജില്ലയായ കാസര്‍കോട്ടെ അതിര്‍ത്തിയില്‍ മാത്രം 20 ലേറെ ബാറുകളാണ് പ്രവര്‍ത്തിക്കുന്നത്. പുതിയതായി 18 ബാറുകള്‍ക്കുള്ള അനുമതിയും കര്‍ണാടകം ഇതിനകം നല്‍കിക്കഴിഞ്ഞു.

DONT MISS
Top