പരോക്ഷനികുതി രംഗത്തെ ഉന്നതതല സംവിധാനമായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സെസ് ആന്റ് കസ്റ്റംസിന്റെ പേര് മാറ്റുന്നു

gst1

പരോക്ഷനികുതി രംഗത്തെ ഉന്നതതല സര്‍ക്കാര്‍ സംവിധാനമായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സെസ് ആന്റ് കസ്റ്റംസിന്റെ പേര് മാറ്റുന്നു. ചരക്കുസേവനനികുതി പ്രാബല്യത്തില്‍ വരുന്ന മുറയ്ക്ക് പേരുമാറ്റാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. രാജ്യത്തെ ഏകീകൃത നികുതി സമ്പ്രദായത്തിലേക്ക് നയിക്കുന്ന ചരക്കുസേവന നികുതിയുടെ ചുവടുപിടിച്ച് സമിതിയെ പുനസംഘടിപ്പിക്കുകയാണ്് ലക്ഷ്യം.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് എന്ന് പേര് മാറ്റി സര്‍ക്കാര്‍ സംവിധാനത്തെ അടിമുടി പരിഷ്‌ക്കരിക്കുകയാണ് സര്‍ക്കാരിന്റെ പദ്ധതി. ചരക്കുസേവനനികുതി വ്യവസ്ഥകള്‍ നടപ്പിലാക്കുക നിര്‍ദിഷ്ട സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സായിരിക്കുമെന്ന് അധിക്യതര്‍ വ്യക്തമാക്കി.

gst

ചരക്കുസേവനനികുതിയുടെ ഭാഗമായി രൂപീകരിക്കുന്ന ജിഎസ്ടി കൗണ്‍സിലിനായിരിക്കും പുതിയ സംഘടനാസംവിധാനം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ചുമതല. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുളള ജിഎസ്ടി കൗണ്‍സിലില്‍ സംസ്ഥാനധനമന്ത്രിമാരാണ് മറ്റു അംഗങ്ങള്‍. കസ്റ്റംസ്, നയം, ഐടി, സെന്‍ട്രല്‍ എക്‌സൈസ് , നിയമപ്രശ്‌നങ്ങള്‍ തുടങ്ങി പരോക്ഷനികുതിയുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ അധികാരമുളള നിര്‍ദ്ദിഷ്ട സംവിധാനത്തില്‍ ആറു അംഗങ്ങളായിരിക്കും ഉണ്ടായിരിക്കുക. ജിഎസ്ടി കൗണ്‍സിലിന്റെ സെക്രട്ടറിയും, റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമായ ഉന്നത ഉദ്യോഗസ്ഥനും സമിതിയില്‍ അംഗമായിരിക്കും.

ഇതിന് പുറമേ ചരക്കുസേവന നികുതിയുടെ സുഗമമമായ പ്രവര്‍ത്തനത്തിന് ആദ്യ അഞ്ചുവര്‍ഷ കാലയളവില്‍ ലീഗസി കമ്മീഷണറേറ്റ് എന്ന സംവിധാനത്തിന് രൂപം നല്‍കാനും സര്‍ക്കാരിന് പരിപാടിയുണ്ട്. ജിഎസ്ടിയുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം രൂപീകരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചരക്കുസേവനനികുതിയുമായി ബന്ധപ്പെട്ട ഭരണഘടനാഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ഇതെത്തുടര്‍ന്ന് 2017 ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നികുതി പ്രാബല്യത്തില്‍ വരുത്തുന്നതിനുളള തീവ്രശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായിട്ടാണ് നികുതി രംഗത്തെ ഉന്നതതല സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സെസ് ആന്റ് കസ്റ്റംസിന്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

DONT MISS
Top