വരുന്നൂ പതഞ്ജലിയുടെ സ്വദേശി ജീന്‍സുകള്‍

ramdev

നാഗ്പൂര്‍ : യാഗഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് വസ്ത്രനിര്‍മ്മാണ രംഗത്തേക്ക് കൂടി ചുവടുവെയ്ക്കുന്നു. സ്വദേശി ജീന്‍സുമായാണ് പതഞ്ജലി വിപണി കീഴടക്കാനെത്തുന്നത്. അടുത്തവര്‍ഷം ആദ്യത്തോടെ ജീന്‍സ് വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകവിപണി കൂടി ലക്ഷ്യം വെച്ചാണ് പതഞ്ജലി ഗ്രൂപ്പിന്റെ പുതിയ തീരുമാനം.

യുവാക്കള്‍ക്കിടയില്‍ പതഞ്ജലി ബ്രാന്‍ഡിനുള്ള സ്വീകാര്യതയാണ്, വിദേശ ബ്രാന്‍ഡിനോട് കിടപിടിക്കുന്ന തരത്തിലുള്ള ജീന്‍സ് വിപണിയില്‍ ഇറക്കാന്‍ പ്രേരണയായതെന്ന് ബാബ രാംദേവ് പറഞ്ഞു. ഭക്ഷ്യഎണ്ണകള്‍, ടോയ്‌ലറ്റ് ക്ലീനറുകള്‍ അടക്കമുള്ള ഉത്പന്നങ്ങളും വിപണിയില്‍ ഇറക്കാന്‍ പതഞ്ജലി ഗ്രൂപ്പിന് പദ്ധതിയുണ്ട്.

നേപ്പാള്‍, ബംഗ്ലാദേശ്, തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ത്തന്നെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണുള്ളതെന്ന് ബാബ രാംദേവ് പറഞ്ഞു. കാനഡ, വെസ്റ്റ് ഏഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിലും പതഞ്ജലി ഉത്പന്നങ്ങള്‍ ലഭ്യമാണ്. അനുമതി ലഭിച്ചാല്‍ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും യൂണിറ്റുകള്‍ തുടങ്ങും. പ്രാദേശിക സമ്പദ് വ്യവസ്ഥ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ദരിദ്രരാജ്യങ്ങളില്‍ കൂടുതല്‍ നിര്‍മ്മാണയൂണിറ്റുകള്‍ ആരംഭിക്കും. ഇവിടെ നിന്നുള്ള ലാഭം ആ രാജ്യങ്ങളുടെ വികസനത്തിനായി വിനിയോഗിക്കുമെന്നും ബാബ രാംദേവ് അറിയിച്ചു.

നാഗ്പൂരിലെ മിഹാനില്‍ 40 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് ഉടന്‍ പുതിയ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കും. ആയിരം കോടിയുടെ നിക്ഷേപമാണ് കമ്പനി ഇവിടെ നടത്തുന്നത്. മധ്യപ്രദേശ്, ആസാം, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളിലും യൂണിറ്റുകള്‍ തുടങ്ങും. ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് വിപണിയില്‍ നിന്നും 50 ലക്ഷം കോടിയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ബാബ രാംദേവ് അറിയിച്ചു.

DONT MISS
Top