ജീവിത പങ്കാളിയ്ക്ക് ലൈംഗിക ബന്ധം നിഷേധിക്കുന്നതും വിവാഹമോചനത്തിന് സാധുത നല്‍കും: ദില്ലി ഹൈക്കോടതി

divorce

ദില്ലി: ജീവിത പങ്കാളിയുമായി ഏറെ കാലം അകാരണമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാതിരിക്കുന്നതും വിവാഹ മോചനത്തിനുള്ള കാരണമാണെന്ന് ദില്ലി ഹൈക്കോടതി. ഇത്തരം സംഭവങ്ങള്‍ മാനസിക ക്രൂരതയാണ് വെളിപ്പെടുത്തുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഒമ്പത് വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം ദമ്പതികള്‍ക്ക് വിവാഹ മോചനം അനുവദിക്കവെയാണ് കോടതി തങ്ങളുടെ നിരീക്ഷണം അറിയിച്ചത്. ജസ്റ്റിസുമാരായ പ്രദീപ് നന്ദരജോഗ്, പ്രതിഭാ റാണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിവാഹ ബന്ധം വിജയകരമായി മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കില്ലെന്ന ഭര്‍ത്താവിന്റെ വാദത്തിന് അനുകൂലമായി വിവാഹമോചനം നല്‍കിയത്. ഭാര്യ ഓഫീസില്‍ വന്ന് മേലുദ്യോഗസ്ഥനോട് തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്ന വാദത്തെ മാനസിക ക്രൂരതയ്ക്കുള്ള ഉദ്ദാഹരണമായി ചൂണ്ടിക്കാട്ടി കോടതി വിവാഹ മോചനം അനുവദിക്കുകയായിരുന്നു.

ഏപ്രില്‍ 1 ന് ഭര്‍ത്താവിന് അനുകൂലമായി കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചതിനെ തുടര്‍ന്നാണ് ഭാര്യ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളുകയായിരുന്നു. ജീവിത പങ്കാളിയുമായി ഏറെ കാലം അകാരണമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാതിരിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന സുപ്രീംകോടതി വിധിചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി തള്ളിയത്.

DONT MISS
Top