അമേരിക്കയെ ഞെട്ടിച്ച 9/11 ആക്രമണത്തിന് ഇന്ന് 15 വയസ്; ഭീകരാക്രമണങ്ങള്‍ക്കെതിരെ രാജ്യം ഒരുമിച്ച് നില്‍ക്കണമെന്ന് ഒബാമ

barak obama

വാഷിങ്ങ്ടണ്‍: അമേരിക്കയിലെ 9/11 ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 15 വര്‍ഷം. 3,000 പേരാണ് അല്‍ഖ്വയ്ദ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിനെതിരെ ഒരുമിച്ചു നില്‍ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ജനങ്ങളോട് ആവശ്യപ്പെട്ടു.

അമേരിക്കയുടെ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു അതെന്നും ഭീകരാക്രമണങ്ങള്‍ക്കെതിരെ രാജ്യം ഒരുമിച്ചു നില്‍ക്കണമെന്നും ഒബാമ ആഹ്വാനം ചെയ്തു. ഭീകര സംഘടനകളായ ഐഎസിനും അല്‍ഖ്വയ്ദയ്ക്കുമെതിരെയുള്ള പോരാട്ടം അമേരിക്ക തുടരുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണത്തിന്റെ 15-ആം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ റേഡിയോ പ്രഭാഷണത്തിലാണ് ഒബാമയുടെ പരാമര്‍ശം.

wtc

2001 സെപ്റ്റംബര്‍ 11 ന് ആയിരുന്നു അമേരിക്കയെ ഞെട്ടിച്ച് അല്‍ഖ്വയ്ദയുടെ ആക്രമണം നടന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍ രണ്ടു നൂറ്റാണ്ടിനിടെ നടന്ന ആദ്യ വിദേശ ആക്രമണമായിരുന്നു 9/11 ആക്രമണം. ശീതയുദ്ധത്തിനു ശേഷം അമേരിക്ക നേടിയ ആധിപത്യത്തിനു മേല്‍ വിള്ളല്‍ വീഴ്ത്തി ഈ ആക്രമണം. അല്‍ഖ്വയ്ദ റാഞ്ചിയ രണ്ട് ബോയിങ് വിമാനങ്ങള്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് തീവ്രവാദികള്‍ ഇടിച്ചു കയറ്റുകയായിരുന്നു. 2,753 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പിന്നാലെ വാഷിങ്ടണിലെ പെന്റഗണിലേക്കും പെന്‍സില്‍വാനിയയിലേക്കും ഭീകരര്‍ വിമാനം ഇടിച്ചു കയറ്റി. ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഒസാമ ബിന്‍ ലാദനെ അമേരിക്ക 2011 മെയ് 2ന് പാകിസ്താനില്‍ വെച്ച് വധിച്ചു.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം അമേരിക്ക ഭീരകര്‍ക്കെതിരെ പ്രഖ്യാപിച്ച യുദ്ധം തുടരുകയാണ്. സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും ലിബിയയിലേയും നിരപരാധികളുടെ ജീവനും യുദ്ധത്തില്‍ തകര്‍ത്തെറിയപ്പെട്ടു കൊണ്ടിരിക്കുകയാണ്.

DONT MISS
Top