ഇന്ത്യയുമായുള്ള ചരക്ക് ഗതാഗതം തടഞ്ഞാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്താന് അഫ്ഗാന്റെ താക്കീത്‌

അഷ്റഫ് ഗനി നവാസ് ഷെറീഫിനൊപ്പം (ഫയല്‍ ചിത്രം )

അഷ്റഫ് ഗനി നവാസ് ഷെറീഫിനൊപ്പം (ഫയല്‍ ചിത്രം )

ഇസ്ലാമാബാദ് : ഇന്ത്യയുമായി വാഗ അതിര്‍ത്തിയിലൂടെയുള്ള ചരക്ക് നീക്കം തടയരുതെന്ന് പാകിസ്താനോട് അഫ്ഗാനിസ്ഥാന്‍ ആവശ്യപ്പെട്ടു. ചരക്ക് നീക്കം തടയുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ മധ്യേഷ്യന്‍ രാജ്യങ്ങളുമായി അഫ്ഗാനിസ്ഥാനിലൂടെയുള്ള പാകിസ്താന്റെ ചരക്ക് നീക്കം തടയുമെന്നും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി വ്യക്തമാക്കി.

സീസണ്‍ സമയത്തടക്കം അഫ്ഗാന്റെ ചരക്ക് നീക്കം തടയുന്ന നടപടിയാണ് പാകിസ്താന്റേത്. ഇതുമൂലം അഫ്ഗാന്‍ വ്യാപാരികള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുന്നത്. ഇനിയും ഇത് തുടരാനാകില്ല. പാകിസ്താന്‍ ഈ നിലപാട് അവസാനിപ്പിച്ചില്ലെങ്കില്‍, രാജ്യത്തിലൂടെ മധ്യേഷ്യന്‍ രാജ്യങ്ങളുമായി പാകിസ്താന്‍ നടത്തുന്ന ചരക്ക് വ്യാപാരം അനുവദിക്കില്ലെന്നും അഫ്ഗാന്‍ പ്രസിഡന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ അട്ടാരിയിലേക്ക് നേരിട്ട് ചരക്കുകള്‍ എത്തിക്കുവാന്‍ വളരെക്കാലമായി അഫ്ഗാനിസ്ഥാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ പാകിസ്താന്‍ ഇതുവരെ ഇതിന് അനുമതി നല്‍കിയിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ചരക്കുകള്‍ പ്രത്യേകിച്ച് വിവിധ തരം പഴവര്‍ഗ്ഗങ്ങള്‍ വാഗ അതിര്‍ത്തിയില്‍ പാകിസ്താന്‍ തടയുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഇതുവഴി വന്‍നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടാകുന്നതെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സാമ്പത്തിക-വാണിജ്യ സഹകരണത്തിന് തടസ്സമാകുന്ന എല്ലാ സാങ്കേതികപ്രതിബന്ധങ്ങളും പരിഹരിക്കാനും അഷ്‌റഫ് ഗനി മേഖലയിലെ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

DONT MISS
Top