മാരിയപ്പാ..തങ്കമാണ് നീ,പത്തര മാറ്റ് തങ്കം

mari

നൂറു കോടി ഇന്ത്യക്കാരുടെ തങ്കമാണ് മാരിയപ്പന്‍ തങ്കവേലുവെന്ന 21 കാരനിപ്പോള്‍. പേരില്‍ മാത്രമല്ല മാരിയപ്പന്റെ കഴുത്തിലും ഇപ്പോള്‍ തങ്കത്തിളക്കമുണ്ട്. പ്രതിസന്ധികളോട് പടവെട്ടി നേടിയ ആ തങ്കത്തിന് വജ്രത്തേക്കാള്‍ തിളക്കമാണ്.

ദാരിദ്ര്യം പിന്നോട്ട് വലിച്ചപ്പോഴും ഉയരങ്ങള്‍ കീഴടക്കുന്നതില്‍ മാത്രമായിരുന്നു മാരിയപ്പന്റെ ശ്രദ്ധ. പ്രതിസന്ധികളില്‍ മുട്ടുമടക്കാത്ത പോരാട്ടവീര്യം തന്നെയാണ് മാരിയപ്പനെ ഇന്ന് അത്യുന്നതങ്ങളില്‍ എത്തിച്ചതും.

തമിഴ്‌നാട്ടിലെ പെരിയവടംഗാട്ടി എന്ന ചെറുഗ്രാമത്തില്‍ ജനിച്ച മാരിയപ്പന് അഞ്ചാം വയസിലാണ് തന്റെ വലതു കാല്‍ നഷ്ടമാവുന്നത്. കൂട്ടുകാരുമൊത്ത് സ്‌കൂളിലേക്ക് പോകും വഴി എതിരെ വന്ന വാഹനത്തിന്റെ ടയറിനടിയില്‍ മാരിയപ്പന്റെ കാല്‍ ചതഞ്ഞരഞ്ഞു. കളിയും ചിരിയും നിറഞ്ഞ ബാല്യമെന്ന മാരിയപ്പന്റെ സ്വപ്നങ്ങള്‍ക്ക് മീതെയാണ് ടയര്‍ കയറിയിറങ്ങിയത്.

പച്ചക്കറി വില്‍പനക്കാരിയായ മാരിയപ്പന്റെ അമ്മയ്ക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു ചികിത്സാ ചെലവുകള്‍. ചികിത്സാ ചെലവ് വര്‍ദ്ധിച്ചതോടെ 3 ലക്ഷം രൂപ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തു. അത് ഇന്നും ഒരു തീരാ കടമാണ്.

വോളിബോള്‍ കളിക്കാരനാകാന്‍ ആഗ്രഹിച്ച മാരിയപ്പനെ കോച്ച് സത്യനാരായണനാണ് ഹൈജംപിലേക്ക് തിരിച്ചു വിട്ടത്. അതിന് ഫലം കാണുകയും ചെയ്തു. സീനിയര്‍ തലത്തില്‍ മത്സരിച്ച ആദ്യ വര്‍ഷം തന്നെ ലോക ഒന്നാം നമ്പറായി മാരിയപ്പന്‍ മാറി.ടുണീഷ്യ ഗ്രാന്റ് പ്രിക്‌സ് ടൂര്‍ണമെന്റിലും മാരിയപ്പന്‍ സ്വര്‍ണ്ണമണിഞ്ഞു. പിന്നീടിങ്ങോട്ട് നേട്ടങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട് മാരിയപ്പന്റെ കരിയറില്‍.

DONT MISS
Top