ഞാന്‍ ദീപികയുടെ കടുത്ത ആരാധകന്‍; ദീപികയെ ആദ്യം കണ്ടപ്പോള്‍ തന്നെ ഫ്ളാറ്റായിപ്പോയെന്ന് ഡ്വെയ്ന്‍ ബ്രാവോ

deepika-bravo

ഡ്വെയ്ന്‍ ബ്രാവോ-ദീപികാ പദുക്കോണ്‍

താന്‍ ദീപികാ പദുക്കോണിന്റെ കടുത്ത ആരാധകനാണെന്ന വെളിപ്പെടുത്തലുമായി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ന്‍ ബ്രാവോ. ദീപികയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി. യുവരാജ് സിംഗ് സംഘടിപ്പിച്ച ഒരു ഫാഷന്‍ ഷോയിലാണ് താന്‍ ആദ്യമായി ദീപികയെ കാണുന്നത്. ദീപികയെ കണ്ടമാത്രയില്‍ തന്നെ താന്‍ ഫ്ളാറ്റായിപ്പോയെന്ന് ഡ്വെയ്ന്‍ ബ്രാവോ മാധ്യമപ്രവര്‍ത്തകരോട് പറയുന്നു.

ദീപികയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞതോടെ ദീപികയോടൊപ്പം പ്രണയനായകനായി അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്നായി മാധ്യമപ്രവര്‍ത്തകരുടെ അടുത്ത ചോദ്യം. സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തെ കുറിച്ചൊന്നും അറിയില്ലെന്നും എന്നാല്‍ ദീപികയോടൊപ്പം അഭിനയിക്കുന്നത് ഏറെ ഇഷ്ടപ്പെടുന്നുവെന്ന് ബ്രാവോ തുറന്ന് സമ്മതിച്ചു.

ബോളിവുഡില്‍ ഗായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഈ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍. അതിനായി ഹിന്ദിഭാഷ പഠിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് താരം ഇപ്പോള്‍. സൂപ്പര്‍ ഹിറ്റ് ചിത്രം തും ബന്‍ 2-ലെ ഗാനത്തിലൂടെയാണ് ബ്രാവോയുടെ അരങ്ങേറ്റം. 2001-ല്‍ പുറത്തിറങ്ങിയ മ്യൂസിക്കല്‍ ഡ്രാമയായ തും ബിന്റെ രണ്ടാം ഭാഗമാണ് തും ബിന്‍ 2. ബ്രാവോ പാടി അഭിനയിച്ച ചാമ്പ്യന്‍ സോംഗ് യൂട്യുബില്‍ വന്‍ ഹിറ്റായിരുന്നു. ബോളിവുഡ് തന്റെ സ്വപ്‌നമായിരുന്നുവെന്നും സ്വപ്‌ന സാക്ഷാത്കാരം സാധ്യമാക്കാനുള്ള ഒരു അവസരമാണ് ഇതെന്നും ബ്രാവോ പറഞ്ഞു.

ബോളിവുഡ് താരം ഷാരൂഖ് ഖാനെ തന്റെ ബോസ് എന്ന് അഭിസംബോധന ചെയ്ത ബ്രാവോ അദ്ദേഹവുമായി ഇപ്പോഴും സൗഹൃദം തുടരുന്നുണ്ടെന്ന് പറഞ്ഞു. കൂടാതെ തനിക്ക് നടന്‍ സല്‍മാന്‍ ഖാനെ കാണണമെന്ന് ആഗ്രഹമുണ്ടെന്നും താന്‍ ഒരിക്കല്‍ മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂവെന്നും ബ്രാവോ പറഞ്ഞു.

DONT MISS
Top