ബാഗ്ദാദില്‍ ഇരട്ട കാര്‍ബോംബ് സ്‌ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു

bagdad attack

ബാഗ്ദാദ്: ബാഗ്ദാദില്‍ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ തിരക്കുള്ള മാളില്‍ വെച്ച് നടന്ന ഇരട്ട കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെയാണ് കിഴക്കന്‍ ബാഗ്ദാദിലെ പാലസ്തീന്‍ തെരുവിലുള്ള അല്‍ നഖില്‍ മാളിലെ കാര്‍ പാര്‍ക്കിങ്ങില്‍ സ്‌ഫോടനം നടത്തിയത്. തുടര്‍ന്ന് മാളിന് പുറത്തുള്ള തിരക്കേറിയ തെരുവിലേക്ക് സ്‌ഫോടന വസ്തുക്കള്‍ നിറച്ച കാറുമായി ചാവേറുകള്‍ സ്‌ഫോടനം നടത്തുകായായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തുള്ള കാറുകളിലേക്ക് അഗ്നി പടരുകയും മാളിന്റെ പല ഭാഗങ്ങള്‍ തകരുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് പാലസ്തീന്‍ തെരുവിലേക്കുള്ള വഴികള്‍ ഇറാഖി സൈന്യം തടഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം നിലവില്‍ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ മേഖലയില്‍ ഐഎസ് നടത്തുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കാര്‍ ബോംബ് സ്‌ഫോടനവും ഐഎസിന്റെ ആസൂത്രണമാണെന്നാണ് ഇറാഖി സൈന്യത്തിന്റെ വിലയിരുത്തല്‍.

DONT MISS
Top