യുഎസ് ഓപ്പണില്‍ ദ്യോകോവിച്-വാവ്‌റിങ്ക ഫൈനല്‍

ദ്യോകോവിച് (ഫയല്‍ ചിത്രം)

ദ്യോകോവിച് (ഫയല്‍ ചിത്രം)

ന്യുയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചും സ്വിസ് താരം സ്റ്റാനിസ്‌ലാസ് വാവ്‌റിങ്കയും ഏറ്റുമുട്ടും. സെമിയില്‍ ദ്യോകോവിച് ഫ്രഞ്ച് താരം ഗെയില്‍ മോണ്‍ഫില്‍സിനേയും (6-3, 6-2, 3-6, 6-2) വാവ്‌റിങ്ക ജപ്പാന്റെ കെയ് നിഷിക്കോരിയേയും (4-6, 7-5, 6-4, 6-2) തോല്‍പ്പിച്ചു. നാളെയാണ് ഫൈനല്‍. വാവ്‌റിങ്ക ആദ്യമായാണ് യുഎസ് ഓപ്പണിന്റെ ഫൈനലിലെത്തുന്നത്.

ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ ദ്യോകോവിചിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ മോണ്‍ഫില്‍സിന് സാധിച്ചില്ല. മൂന്നാം സെറ്റ് നേടാനായി എന്നതാണ് ഫ്രഞ്ച് താരത്തിന് ആശ്വസിക്കാനുള്ളത്. ആദ്യ രണ്ട് സെറ്റും അനായാസം നേടിയ സെര്‍ബിയന്‍ താരം പക്ഷെ മൂന്നാം സെറ്റ് അതേ അനായാസതയോടെ കൈവിട്ടു. 3-6 ന് സെറ്റ് സ്വന്തമാക്കിയ മോണ്‍ഫില്‍സ് മത്സരത്തിലേക്ക് തിരിച്ച് വരുന്നതിന്റെ ലക്ഷണങ്ങള്‍ കാട്ടിയെങ്കിലും നാലാം സെറ്റില്‍ നിലം തൊടാന്‍ അനുവദിക്കാതെ ദ്യോകോവിച് വിജയം കുറിച്ചു. ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തില്‍ തന്റെ മൂന്നാം കിരീടമാണ് ദ്യോകോവിച് ലക്ഷ്യമിടുന്നത്.

വാവ്റിങ്ക (ഫയല്‍ ചിത്രം)

വാവ്റിങ്ക (ഫയല്‍ ചിത്രം)

രണ്ടാം സെമിയില്‍ ഏഷ്യന്‍ പ്രതീക്ഷകളുമായെത്തിയ നിഷിക്കോരി അട്ടിമറിയുടെ ലക്ഷണങ്ങള്‍ കാണിച്ച ശേഷമാണ് തകര്‍ന്നടിഞ്ഞത്. ആദ്യ സെറ്റ് 4-6 ന് സ്വന്തമാക്കിയ നിഷിക്കോരി വ്യക്തമായ മുന്നറിയിപ്പ് നല്‍കി. രണ്ടാം സെറ്റിലും പോരാട്ട വീര്യം തുടര്‍ന്ന ജപ്പാന്‍ താരം വാവ്‌റിങ്കയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തി. എങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സെറ്റ് 7-5 ന് സ്വിസ് താരം നേടി. മൂന്നാം സെറ്റില്‍ തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ നടത്തിയ നിഷിക്കോരിയെ പരിചയസമ്പത്തിന്റെ ബലത്തില്‍ മറികടന്ന വാവ്‌റിങ്ക നാലാം സെറ്റില്‍ ഏകപക്ഷീയമായി വിജയം നേടി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു.

2015 ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണ ആര്‍തര്‍ ആഷെയില്‍ നടക്കുന്നത്. അന്ന് ദ്യോകോവിചിനെ തോല്‍പ്പിച്ച് വാവ്‌റിങ്ക കിരീടം നേടിയിരുന്നു.

DONT MISS
Top