ഇമോജികള്‍ ചേര്‍ക്കാം, വരയ്ക്കാം,വന്‍ മാറ്റങ്ങളുമായി വാട്ട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ്

WhatsApp_Beta_Version

ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിന് മുമ്പ് അതില്‍ പല മിനുക്കുപണികളും നടത്താന്‍ കഴിയുമെന്നതാണ് പുതിയ പതിപ്പിലെ പ്രധാന മാറ്റം.

ലോകത്തെ ഒന്നാം നമ്പര്‍ ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ വന്‍ മാറ്റങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്. ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിന് മുമ്പ് അതില്‍ പല മിനുക്കുപണികളും നടത്താന്‍ കഴിയുമെന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്.

വാട്ട്‌സ്ആപ്പിന്റെ പുതിയ ബീറ്റ പതിപ്പിലാണ് ഈ മാറ്റങ്ങള്‍ ഉള്ളത്. സുഹൃത്തുക്കള്‍ക്ക് അയക്കാനായി പുതിയ ചിത്രമെടുക്കുകയോ, ഗ്യാലറിയിലുള്ള ചിത്രം തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോള്‍ അതിനെ കൂടുതല്‍ ആകര്‍ഷകമാക്കാനായി പല മാറ്റങ്ങളും വരുത്താം. അയക്കുന്നതിനായി ചിത്രം തെരഞ്ഞെടുത്താല്‍ ദൃശ്യമാകുന്ന വിന്‍ഡോയില്‍ പുതിയ ടൂളുകള്‍ കാണാം. ചിത്രത്തെ ഡൂഡില്‍ ചെയ്യുന്നതിനൊപ്പം, അക്ഷരങ്ങളും ഇമോജികളും ചേര്‍ക്കാനും ഈ ടൂളുകള്‍ സഹായിക്കും. കൂടാതെ പെന്‍സില്‍ ടൂള്‍ ഉപയോഗിച്ച് ചിത്രത്തിന് മേല്‍ പല നിറങ്ങളില്‍ വരയ്ക്കാനും സാധിക്കും. വിന്‍ഡോയുടെ മുകള്‍ഭാഗത്തായാണ് ടൂളുകള്‍  ക്രമീകരിച്ചിരിക്കുന്നത്. മുമ്പ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കാന്‍ മാത്രമാണ് കഴിഞ്ഞിരുന്നത്.

വാട്ട്‌സ്ആപ്പ് വെര്‍ഷന്‍ 2.16.260 ബീറ്റയിലാണ് പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ പതിപ്പ്  പൊതുജനങ്ങള്‍ക്കായി ഇത് വരെ ലഭ്യമാക്കിയിട്ടില്ല. ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഈ പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. അണ്‍ഡൂ, ക്രോപ്പ്, ഇമോജി, ടെക്‌സ്റ്റ്, ഡൂഡില്‍ അല്ലെങ്കില്‍ ഡ്രോ എന്നീ ക്രമത്തിലാണ് വിന്‍ഡോയ്ക്ക് മുകളില്‍ ടൂളുകള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ചേര്‍ക്കുന്ന ഇമോജിയുടേയോ അക്ഷരങ്ങളുടേയോ വലുപ്പം മാറ്റാനുള്ള സൗകര്യം ഇപ്പോള്‍ ഇല്ല.

ആന്‍ഡ്രോയിഡിന് വേണ്ടി മാത്രമാണ് ബീറ്റ വെര്‍ഷന്‍ ഇപ്പോള്‍ ഉള്ളത്. ഐഫോണിനായുള്ള അപ്‌ഡേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

DONT MISS
Top