യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; സെറീന വില്യംസ് സെമിയില്‍ പുറത്ത്

വിജയാഹ്ലാദത്തില്‍ പ്ലിസ്കോവ

വിജയാഹ്ലാദത്തില്‍ പ്ലിസ്കോവ

ന്യുയോര്‍ക്ക്: റെക്കോര്‍ഡ് നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കെ, ലോക ഒന്നാം നമ്പറും ആറുവട്ടം ചാമ്പ്യയുമായ സെറീന വില്യംസിന് യുഎസ് ഓപ്പണില്‍ വമ്പന്‍ തോല്‍വി. ചെക്ക് റിപ്പബ്ലിക്കിന്റെ പത്താം സീഡ് കരോലിന പ്ലിസ്‌കോവ സെമിയില്‍ സെറീനയെ അട്ടിമറിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പ്ലിസ്‌കോവയുടെ വിജയം. സ്‌കോര്‍ 6-2, 7-6(5). തോല്‍വിയോടെ സെറീനയ്ക്ക് ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും നഷ്ടമായി.

ഓപ്പണ്‍ യുഗത്തില്‍ ഏറ്റവുമധികം ഗ്രാന്റ് സ്ലാം വിജയങ്ങള്‍ സ്വന്തമാക്കുന്ന താരമെന്ന ബഹുമതി കഴിഞ്ഞ ദിവസം കരസ്ഥമാക്കിയ സെറീനയ്ക്ക് നാണക്കേടിന്റെ തിലകം ചാര്‍ത്തുന്നതായിരുന്നു സെമിയിലെ തോല്‍വി. അനായാസ വിജയം പ്രതീക്ഷിച്ച സെറീനയേയും ആരാധകരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു പ്ലിസ്‌കോവ സമ്പൂര്‍ ആധിപത്യത്തോടെ വിജയം കരസ്ഥമാക്കിയത്. ആദ്യ സെറ്റില്‍ സെറീനയെ നിഷ്പ്രഭമാക്കിയ ചെക്ക് താരം 6-2 ന് അനായാസം വിജയം നേടി.

സെറീന വില്യംസ്

സെറീന വില്യംസ്

രണ്ടാം സെറ്റിലും തുടക്കത്തില്‍ തന്നെ സെറീനയുടെ സെര്‍വ് ഭേദിച്ച പ്ലിസ്‌കോവ 3-0 ന് മുന്നിലെത്തി. എന്നാല്‍ ആറാം ഗെയിമില്‍ തിരിച്ചടിച്ച സെറീന സ്‌കോര്‍ തുല്യമാക്കി. മത്സരത്തില്‍ 50 മിനിട്ടിന് ശേഷമായിരുന്നു സെറീനയ്ക്ക് എതിരാളിയുടെ സെര്‍വ് ബ്രേക്ക് ചെയ്യാനായത്. ടൈബ്രേക്കറിലേക്ക് നീങ്ങിയപ്പോള്‍ അവിടെയും മികച്ചു നിന്നത് ചെക്ക് താരമായിരുന്നു. 3-0 ന്റെ ലീഡ് നേടിയ പ്ലിസ്‌കോവ അത് നിലനിര്‍ത്തി തന്റെ കരിയറിലെ ഏറ്റവും മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു.

തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ ജയിച്ചതിന്റെ ആത്മവിശ്വാസവുമായിട്ടായിരുന്നു പ്ലിസ്‌കോവ സെറീനയ്‌ക്കെതിരെ ഇറങ്ങിയത്. വനിതാ ടെന്നീസില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ എയിസുകള്‍ പായിച്ചിട്ടുള്ള ചെക്ക് താരത്തിന്റെ സെമിയിലെ വജ്രായുധവും അതുതന്നെയായിരുന്നു.

തോല്‍വിയോടെ 185 ആഴ്ച നീണ്ട ലോക ഒന്നാം റാങ്ക് എന്ന നേട്ടമാണ് സെറീനയ്ക്ക് നഷ്ടമായിരിക്കുന്നത്. ജര്‍മനിയുടെ ആജ്ഞലിക്ക കെര്‍ബറാണ് ഒന്നാം റാങ്കിന്റെ പുതിയ അവകാശി. സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ എന്ന നേട്ടം മറികടക്കാനുള്ള സുവര്‍ണവസരവും സെമിയിലെ തോല്‍വിയോടെ സെറീനയ്ക്ക് തലനാരിഴയ്ക്ക് നഷ്ടമായി.

DONT MISS
Top