‘ബാറ്ററി യുദ്ധ’ത്തില്‍ മൈക്രോസോഫ്റ്റിന് മറുപടിയുമായി ഗൂഗിള്‍

Surface_Google

Representational Image

ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ തങ്ങളുടെ സര്‍ഫസ് ബുക്കിന്റെ ബാറ്ററി അമിതമായി ഉപയോഗിക്കുന്നു എന്ന് മൈക്രോസോഫ്റ്റ് ആരോപിച്ചത് ഈ വര്‍ഷം ആദ്യമാണ്. ക്രോം ബ്രൗസറും മറ്റ് ബ്രൗസറുകളും ഉപയോഗിക്കുന്ന വിവിധ സര്‍ഫസ് ബുക്കുകള്‍ താരതമ്യം ചെയ്തായിരുന്നു മൈക്രോസോഫ്റ്റിന്റെ ആരോപണം. ഇത് കൂടാതെ വിന്‍ഡോസ് 10 ഉപഭോക്താക്കള്‍ക്ക് ക്രോമില്‍ നിന്നും എഡ്ജ് ബ്രൗസറിലേക്ക് മാറുന്നതിനായി നോട്ടിഫിക്കേഷന്‍ പോലും മൈക്രോസോഫ്റ്റ് നല്‍കിയിരുന്നു.

മൈക്രോസോഫ്റ്റിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി വീഡിയോ ഇറക്കിയിരിക്കുകയാണ് ഇപ്പോള്‍ ഗൂഗിള്‍. തങ്ങളുടെ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പായ ക്രോം 53-ലെ കാര്യക്ഷമമായ ബാറ്ററി ഉപഭോഗ സംവിധാനമാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. ഒരു കൊല്ലം മുമ്പത്തെ ക്രോം ബ്രൗസറും പുതിയ പതിപ്പും രണ്ട് മൈക്രോസോഫ്റ്റ് സര്‍ഫസ് ബുക്കുകളില്‍ തുടര്‍ച്ചയായി ഫേസ്ബുക്ക്, യൂട്യൂബ്, വീമോ എന്നീ സൈറ്റുകളിലെ എച്ച്ടിഎംഎല്‍-5 വീഡിയോകള്‍ പ്ലേ ചെയ്യുന്നത് കാണിക്കുന്ന വീഡിയോയാണ് പുറത്തിറക്കിയത്. വീഡിയോയുടെ അവസാനം ക്രോമിന്റെ മുന്‍പതിപ്പിനേക്കാള്‍ 2 മണിക്കൂര്‍ 12 മിനുറ്റ് അധികസമയം ആയുസ് ഒറ്റത്തവണത്തെ ചാര്‍ജിംഗില്‍ ബാറ്ററിക്ക് ലഭിക്കുന്നു എന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.

അടുത്തിടെയാണ് വിന്‍ഡോസിനായുള്ള ക്രോമിന്റെ അപ്‌ഡേറ്റില്‍ ഗൂഗിളിന്റെ മെറ്റീരിയല്‍ ഡിസൈന്‍ ഉള്‍പ്പെടുത്തിയത്. ഈ നൂതന സാങ്കേതികതയാണ് ക്രോമിനെ ബാറ്ററി ഉപഭോഗം കുറക്കാന്‍ സഹായിച്ചത്.

DONT MISS
Top