കഞ്ചാവ് ഒളിപ്പിക്കാനും ‘കേരള മോഡല്‍’, മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

GanjaTraffic

ഫയല്‍ ചിത്രം

ഇടുക്കി: കഞ്ചാവ് ഒളിപ്പിക്കാനുള്ള പല സൂത്രപ്പണികളും നമ്മള്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ‘സ്മാര്‍ട്ട്’ ആയ വിദ്യയാണ് നമ്മുടെ കൊച്ചു കേരളത്തിലെ വിദ്യാര്‍ത്ഥികളുടേത്. മലയാളികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ സെല്‍ഫോണിനുള്ളില്‍ ബാറ്ററിക്കടിയിലായി കഞ്ചാവ് ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. എന്നാല്‍ വണ്ടിപ്പെരിയാര്‍ ചെക്ക്‌പോസ്റ്റ് കടക്കുന്നതിനിടെ ഇവര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി.

സാധാരണ രീതിയിലുള്ള പരിശോധനയ്ക്കിടെ വിദ്യാര്‍ത്ഥികളുടെ അസ്വാഭാവികമായ പെരുമാറ്റമാറ്റം കണ്ടാണ് എക്‌സൈസ് സംഘം ഇവരെ വിശദമായ പരിശോധനയ്ക്ക് വിധേയരാക്കിയത്. 230 ഗ്രാം കഞ്ചാവും ഏതാനും മയക്കുമരുന്ന് ഗുളികകളുമാണ് ഇവരില്‍ നിന്നും പിടികൂടിയത്. പിടിയിലായ വിദ്യാര്‍ത്ഥികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

ഐടിഐ വിദ്യാര്‍ത്ഥികളാണ് പിടിയിലായവര്‍. തമിഴ്‌നാട്ടിലെ കമ്പത്തു നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഉറവിടത്തെക്കുറിച്ച് വ്യക്തമായ വിവരം എക്‌സൈസിന് ലഭിച്ചിട്ടുണ്ടെന്നും അത് തമിഴ്‌നാട്ടിലായതിനാല്‍ അവിടത്തെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ രാജ് പറഞ്ഞു.

സെല്‍ഫോണിനുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സെല്‍ഫോണുകള്‍ പരിശോധിച്ചപ്പോള്‍ അവ പ്രവര്‍ത്തനരഹിതമായിരുന്നു. അതിനാലാണ് ഫോണുകള്‍ തുറന്ന് പരിശോധിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

DONT MISS
Top