‘ഊഴ’ത്തിന് ‘ഒപ്പം’ ‘ഇരുമുഖനും’; മലയാള സിനിമയ്ക്ക് പൂക്കാലം

malayalam-movie-1

ഊഴം, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒപ്പം എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകള്‍

ഓണം കെങ്കേമമാക്കാന്‍ മലയാള സിനിമ ഒരുങ്ങിക്കഴിഞ്ഞു. വിഭവ സമൃദ്ധമായ സദ്യ തന്നെയാണ് ഇത്തവണയും തീയറ്ററുകളില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഇത്തവണ ഓണാഘോഷത്തിനൊരുങ്ങുന്ന മലയാളികളെ കാത്ത് ഒരുപിടി നല്ല ചിത്രങ്ങളാണ് റിലീസിനെത്തുന്നത്.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ ‘ഒപ്പം’ ആണ് തിരുവോണ റിലീസുകളില്‍ മുന്‍പന്തിയില്‍. മോഹന്‍ലാല്‍ അന്ധനായി അഭിനയിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ സമുദ്രക്കനി, അനുശ്രീ,വിമലാ രാമന്‍, രഞ്ജി പണിക്കര്‍, നെടുമുടി വേണു എന്നിവരാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്. 4 മ്യൂസിക്‌സ് ബാന്‍ഡിന്റെ ബാനറില്‍ നവാഗതരായ ജിം , ബിബി, എല്‍ദോസ്, ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച ഈ കൂട്ടുകെട്ടിന്റെ പുതിയ സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

മെമ്മറീസിനു ശേഷം പൃഥ്വീരാജും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ‘ഊഴം’. ത്രില്ലര്‍ ഫോര്‍മാറ്റില്‍ നിന്നും മാറി വ്യത്യസ്ത രീതിയിലുള്ള ചിത്രമായിരിക്കും ഊഴം എന്ന് ജിത്തു ജോസഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. പശുപതി, ബാലചന്ദ്ര മേനോന്‍, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് അനില്‍ ജോണ്‍സണാണ്. സിനിമ സെപ്റ്റംബര്‍ 8-ന് റിലീസ് ചെയ്യും.

നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത് ഉദയ പിക്‌ചേഴ്സാണ്. ഏറെക്കാലത്തിന് ശേഷം ഉദയ നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. മുകേഷ്,അജു വര്‍ഗീസ്, സുരാജ് ,കെപിഎസി ലളിത എന്നിവരാണ് മറ്റു താരങ്ങള്‍. ഷാന്‍ റഹ്മാനും സൂരജ് എസ് കുറുപ്പുമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 9-ന് തീയറ്ററുകളിലെത്തും.

കുടുംബ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാന്‍ ഒരുങ്ങിത്തന്നെയാണ് ദിലീപ് ഇത്തവണ ഓണത്തിനെത്തുന്നത്. സെപ്റ്റംബര്‍ 9-ന് റിലീസ് ചെയ്യുന്ന ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍’ സ്ത്രീകളേയും കുട്ടികളെയും കയ്യിലെടുക്കുമെന്നുറപ്പ്. സല്ലാപം, കുടമാറ്റം, കുബേരന്‍ എന്നീ സംവിധായകനായ സുന്ദര്‍ദാസ് തന്നെയാണ് ഈ സിനിമയും സംവിധാനം ചെയ്തിരിക്കുന്നത്. വേദികയാണ് നായിക. സിദ്ദിഖ് ,അജു വര്‍ഗീസ്, എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്ന മറ്റു താരങ്ങള്‍. ബേണി-ഇഗ്നേഷ്യസ്, നാദിര്‍ഷാ എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

ഓം ശാന്തി ഓശാനയുടെ വമ്പന്‍ വിജയത്തിന് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു മുത്തശ്ശി ഗദ’. സുരാജ് വെഞ്ഞാറമൂഡ്, ലെന, വിജയരാഘവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫാമിലി കോമഡി എന്റര്‍റ്റെയിനറായിരിക്കും. ചിത്രത്തില്‍ ചെറിയ വേഷത്തില്‍ വിനീത് ശ്രീനിവാസനും എത്തുന്നുണ്ട്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു. ഷാന്‍ റഹാമാനാണ് ചിത്രത്തിന് ഈണമൊരുക്കുന്നത്. സെപ്റ്റംബര്‍ 15-ന് സിനിമ റിലീസ് ചെയ്യും.

മലയാള ചിത്രങ്ങളോട് കിടപിടിക്കാന്‍ വിക്രം ഡബിള്‍ റോളിലെത്തുന്ന ‘ഇരുമുഖനും’ ഇത്തവണ തീയറ്ററുകളിലെത്തും. നിത്യാ മേനോനും നയന്‍താരയുമാണ് വിക്രത്തിന്റെ നായികമാരായെത്തുന്നത്. ഹാരിസ് ജയരാജ് ഒരുക്കിയ ഗാനങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ നെഞ്ചേറ്റി കഴിഞ്ഞു. സെപ്റ്റംബര്‍ എട്ടിന് ഇരുമുഖന്‍ റിലീസിനെത്തും.

DONT MISS
Top