ഒപ്പം സിനിമ ആദ്യം കാണുന്നത് രജനീകാന്ത്

oppam

ഫയല്‍ചിത്രം

ഓണം റിലീസായി തീയറ്ററുകളില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രം ഒപ്പം ആദ്യം കാണുന്നത് സ്റ്റൈല്‍മന്നന്‍ രജനീകാന്തായിരിക്കും. ചിത്രം കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച രജനിക്ക് സംവിധായകന്‍ പ്രിയദര്‍ശന്‍ അതിനുള്ള സംവിധാനവും ഒരുക്കി നല്‍കി. അതും ഒപ്പം ഏറ്റവും ആദ്യം കാണുകയെന്ന അവസരവും. ചെന്നൈയിലെ രജനീകാന്തിന്റെ വീട്ടില്‍ അതിനുള്ള സജ്ജീകരണങ്ങളെല്ലാം പ്രിയദര്‍ശന്‍ ഒരുക്കുകയാണ്. രജനീകാന്ത് തന്നെയാണ് ഒപ്പം ആദ്യം കാണണമെന്ന ആഗ്രഹം പ്രിയദര്‍ശനോട് പറഞ്ഞത്. ഇന്ന് വൈകിട്ട് രജനിയുടെ വീട്ടില്‍ ഒപ്പം സിനിമയുടെ പ്രത്യേക ഷോ നടക്കും.

തെന്നിന്ത്യയിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ ഏറ്റവും വലിയ അത്ഭുതമാണ് രജനീകാന്ത്. അദ്ദേഹത്തോടൊപ്പമുള്ള ഒരു സിനിമയാണ് ഏതൊരു സംവിധായകന്റെയും സ്വപ്നചിത്രം. എന്നാല്‍ രജനീകാന്തിനും ഒരു സ്വപ്‌നമുണ്ട്. ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ പ്രയദര്‍ശനൊപ്പം ഒരു ചിത്രം. രജനീകാന്ത് പല അഭിമുഖങ്ങളിലും ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുമുണ്ട്.

കുറച്ചു നാള്‍ മുമ്പ് രജനീകാന്തിനോട് ഒപ്പം സിനിമയുടെ വിശേഷങ്ങള്‍ പ്രിയദര്‍ശന്‍ പങ്കു വെച്ചിരുന്നു. തന്റെ സിനിമാജീവിതത്തില്‍ ചെയ്തതില്‍ വെച്ച് ഏറ്റവും വ്യത്യസ്തമായി ചിത്രമായിരിക്കും ഇതെന്ന് പ്രിയന്‍ രജനിയോട് പറയുകയും ചെയ്തിരുന്നു. ഇത് മനസില്‍ കണ്ടാണ് രജനി തന്റെ ആഗ്രഹം പ്രിയനോട് പറഞ്ഞത്. ചിത്രം റിലീസ് ചെയ്തിട്ടില്ലെന്നറിഞ്ഞ രജനി തന്നെയാണ് ഒപ്പം സിനിമ റിലീസിന് മുന്‍പ് തന്നെ തനിക്ക് കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. ഉടന്‍ തന്നെ അതിനുള്ള എല്ലാ സജ്ജീകരണങ്ങളും പ്രിയദര്‍ശന്‍ ഒരുക്കി നല്‍കുകയായിരുന്നു.

ഹാസ്യത്തിന്റെ പതിവുപാത വിട്ട് സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ഒപ്പം ഓണം റിലീസായാണ് തീയറ്ററുകളില്‍ എത്തുന്നത്. മോഹന്‍ലാല്‍ അന്ധകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ വിമലാ രാമനും അനുശ്രീയുമാണ് നായികമാരായി എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

യോദ്ധാ, ഗുരു തുടങ്ങിയ ചിത്രങ്ങളില്‍ കാഴ്ചയില്ലാത്തയാളായി മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ മുഴുനീള വേഷം ആദ്യമായാണ്. പ്രത്യേക സാഹചര്യത്തില്‍ കൊലപാതകത്തിനു സാക്ഷ്യം വഹിക്കുന്നയാള്‍ പിന്നീട് കാഴ്ചയില്ലായ്മയോട് പടപൊരുതി കുറ്റവാളികളെ കണ്ടെത്താന്‍ ശ്രമിയ്ക്കുന്നതാണ് കഥയുടെ കാതല്‍. സെപ്റ്റംബര്‍ എട്ടിന് ചിത്രം തീയറ്ററുകളിലെത്തും.

DONT MISS
Top