സാക്ഷി മാലിക്കിന്റെ മനം കവര്‍ന്നത് മറ്റൊരു ഗുസ്തി താരം; പ്രതിശ്രുത വരനുമൊത്തുള്ള ചിത്രം പുറത്ത്

sakshi-malik
ദില്ലി: റിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം സാക്ഷി മാലിക്കിന്റെ പ്രതിശ്രുത വരന്റെ ചിത്രം പുറത്ത്. സത്യവര്‍ത് കാദിയന്‍ ആണ് സാക്ഷിയുടെ മനം കവര്‍ന്ന സുന്ദരന്‍. റോത്തക്കില്‍ നിന്ന് തന്നെയുള്ള 97 കിലോഗ്രാം വിഭാഗം ഗുസ്തി താരമാണ് സത്യവര്‍ത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലും ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും നേടിയിട്ടുണ്ട്. സാക്ഷി റിയോയിലേക്ക് പേകുന്നതിന് മുന്‍പ് തന്നെ വിവാഹം തീരുമാനിച്ചിരുന്നതായി സഹോദരന്‍ സച്ചിന്‍ പറഞ്ഞു. സത്യവര്‍തിന്റെ പിതാവ് റോത്തക്കില്‍ ഗുസ്തി പരിശീലന കേന്ദ്രം നടത്തുകയാണ്. ഉടന്‍ വിവാഹം നടക്കുമെന്ന് സത്യവര്‍തിന്റെ കുടുംബവും അറിയിച്ചു.

ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാക്ഷി വിവാഹത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു. എന്നാല്‍ വരന്റെ പേരുവിവരങ്ങള്‍ പുറത്തു പറഞ്ഞിരുന്നില്ല. സാക്ഷിയുടെ ഭാവി വരനും ഗുസ്തി താരം തന്നെയാണെന്ന് മാത്രമാണ് പറഞ്ഞത്. ഭാവിവരന്റെ ഭാഗത്ത് നിന്ന് തനിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് സാക്ഷി പറഞ്ഞു. അദ്ദേഹം തനിക്ക് നല്ല സുഹൃത്ത് കൂടിയാണ്. വിവാഹം കഴിച്ചാലും ടോക്യോ ഒളിംപിക്‌സിനുള്ള കഠിന പരിശീലനത്തില്‍ കുറവു വരുത്തില്ലെന്നും സാക്ഷി പറഞ്ഞു. ഹരിയാനയിലെ റോത്തക് സ്വദേശിനിയായ സാക്ഷി മാലിക്. 58 കിലോഗ്രാം ഗുസ്തിയിലാണ് വെങ്കല മെഡല്‍ നേടിയത്.

DONT MISS
Top