സൗദിയില്‍ അനുമതിയില്ലാതെ സംഭാവന ശേഖരിക്കുന്നവര്‍ക്കെതിരെ നാടുകടത്തുന്നത് അടക്കമുള്ള ശിക്ഷാ നടപടി

saudi

സൗദി: സൗദി അറേബ്യയില്‍ അനുമതി വാങ്ങാതെ സംഭാവന ശേഖരിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇതുസംബന്ധിച്ച് കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ഉത്തരവ് പുറപ്പെടുവിച്ചു.
പണമായോ സാധനങ്ങളായോ സംഭാവന ശേഖരിക്കുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. അനുമതിയില്ലാതെ സംഭാവന ശേഖരിക്കുന്നത് ഭീകര വിരുദ്ധ നിയമത്തിന്റെ ലംഘനമാണ്. നിയമം ലംഘിച്ച് സംഭാവന ശേഖരിക്കുന്നവര്‍ക്കും നല്‍കുന്നവര്‍ക്കുമെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കും. സംഭാവന ശേഖരിക്കുന്ന വിദേശികളെ രാജ്യത്തു നിന്ന് നാടുകടത്തും.

അനധികൃത സംഭാവന ശേഖരിക്കുന്നവരെ നിരീക്ഷിക്കുന്നതിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കാന്‍ കിരീടാവകാശി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്‌ലാമികകാര്യ മന്ത്രാലയം, തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്ന് ലൈസന്‍സ് നേടാതെ സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സംഭാവന ശേഖരണം അനുവദിക്കില്ല. സംഭാവനക്ക് ആഹ്വാനം ചെയ്യുന്ന പരസ്യങ്ങളും അനുവദിക്കില്ല. പെരുന്നാളിനോടനുബന്ധിച്ചുളള ബലി കര്‍മ്മത്തിനുളള കൂപ്പണ്‍ വില്‍പനയും കര്‍ശനമായി നിരീക്ഷിക്കണമെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് നിര്‍ദേശിച്ചു. ലൈസന്‍സുള്ള കേന്ദ്രങ്ങളില്‍ മാത്രമേ ബലി കൂപ്പണ്‍ വിലക്കാന്‍ അനുവദിക്കുകയുള്ളൂ. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

DONT MISS
Top