കാബൂളില്‍ താലിബാന്റെ ചാവേറാക്രമണം; 24 പേര്‍ കൊല്ലപ്പെട്ടു, 96 ലധികം പേര്‍ക്ക് പരിക്ക്

kabul

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്റെ ചാവേറാക്രമണം. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിന് സമീപമുള്ള ചാവേര്‍ സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടതായും 91 ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ച മുമ്പ് കാബുളിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

നഗരത്തിലെ തിരക്കുള്ള പ്രദേശങ്ങളില്‍ ഇരട്ട സ്‌ഫോടനങ്ങളാണ് സംഭവിച്ചത് എന്ന് പ്രതിരോധ വക്താവ് മുഹമ്മദ് റദ്മനേഷ് അറിയിച്ചു. ആദ്യ സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സഹായിക്കാന്‍ ഓടിയെത്തിയ ജനങ്ങളെയും പൊലീസിനേയും ലക്ഷ്യം വെച്ചാണ് രണ്ടാം സ്‌ഫോടനം നടത്തിയത്.
പാശ്ചാത്യ ശക്തികളുമായി സഹകരിക്കുന്ന അഫ്ഗാന്‍ ഗവണ്‍മെന്റിനുള്ള താക്കീതാണ് ഇതെന്ന് പ്രഖ്യാപിച്ചാണ് താലിബാന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. നേരത്തെ, അഫ്ഗാന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടിരുന്നു.

കാബൂള്‍ സ്‌ഫോടനത്തെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി അപലപിച്ചു. അടുത്ത മാസം ബ്രസ്സല്‍സില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ താലിബാന്‍ തീവ്രവാദത്തെ എതിരിടുന്ന അഫ്ഗാന്‍ സൈന്യത്തിന് പാശ്ചാത്യ രാജ്യങ്ങള്‍ പിന്തുണ നല്‍കാന്‍ നിശ്ചയിച്ചിരുന്നു.

DONT MISS
Top