അധ്യാപകദിനത്തില്‍ ഗൂഗിളും പങ്ക് ചേരുന്നു

അധ്യാപകദിനത്തോട് അനുബന്ധിച്ച് ഗൂഗിള്‍ അവതരിപ്പിച്ച ഡൂഡില്‍

അധ്യാപകദിനത്തോട് അനുബന്ധിച്ച് ഗൂഗിള്‍ അവതരിപ്പിച്ച ഡൂഡില്‍

ദില്ലി: ഗൂഗിള്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. അധ്യാപകദിനത്തില്‍ ഇന്ത്യന്‍ ആഘോഷങ്ങള്‍ക്ക് ഡൂഡിലിലൂടെ ഗൂഗിളും പങ്ക് ചേരുകയാണ്. അധ്യാപകന്റെ മുഖമുദ്രയെന്നവണ്ണം കണ്ണട വെച്ച ഉയര്‍ന്ന പെന്‍സിലിനെ അനുഗമിക്കുന്ന കുട്ടി പെന്‍സിലുകളുടെ ഡൂഡിലാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. പുസ്തകം തുറന്ന് പഠിപ്പിക്കുന്ന അധ്യാപകന്റെ പിന്നിലായി ഓടുകയും ചാടുകയും ചെയുന്ന, കുസൃതിത്തരം നിറഞ്ഞ വിദ്യാര്‍ത്ഥികളെയാണ് ഡൂഡില്‍ അവതരിപ്പിക്കുന്നത്. അധ്യാപകദിനായി അമേരിക്ക ആഘോഷിക്കുന്ന മെയ് 3-നും ഗൂഗിള്‍ ഇതേ ഡൂഡിലാണ് അവതിരിപ്പിച്ചിരുന്നത്.

അധ്യാപകദിനത്തിനോട് അനുബന്ധിച്ച് രാജ്യമെങ്ങും പ്രത്യക പരിപാടികളാണ് വിദ്യാലയങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയായ ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തിന്റെ ഓര്‍മ്മയ്ക്കാണ് സെപ്റ്റംബര്‍ 5-ന് അധ്യാപകദിനമായി രാജ്യം ആചരിക്കുന്നത്. അധ്യാപകനും, തത്വചിന്തകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണനെ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിച്ചിരുന്നു.

സെപ്റ്റംബര്‍ 5-നെ അധ്യാപകദിനമായി ഇന്ത്യ ആഘോഷിക്കുമ്പോള്‍ ആഗോള അധ്യാപകദിനമായി രാജ്യാന്തര സമൂഹം പരിഗണിക്കുന്നത് ഒക്ടോബര്‍ 5-നെയാണ്. അധ്യാപകദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ദില്ലിയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ പശ്ചാത്തലമാക്കി ഒരു മണിക്കൂര്‍ ക്ലാസ് എടുത്തിരുന്നു.

DONT MISS
Top