തൊഴില്‍ ദുരിതം; റിയാദിലെ മലയാളികളെ കൊച്ചിയിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി ശ്രമം ഊര്‍ജിതപ്പെടുത്തി

saudi

റിയാദ്: ജോലിയും ശമ്പളവും ഇല്ലാതെ റിയാദില്‍ ദുരിതത്തിലായ മുഴുവന്‍ മലയാളികളെയും കൊച്ചിയില്‍ നേരിട്ടെത്തിക്കാനുളള ശ്രമത്തിലാണ് റിയാദിലെ ഇന്ത്യന്‍ എംബസി. ദില്ലി വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെടാന്‍ മലയാളികള്‍ വിസമ്മതിച്ചിരുന്നു. സൗദി ഓജര്‍ കമ്പനിയിലെ നൂറില്‍പരം മലയാളികളാണ് നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

സൗദി ഗവണ്‍മെന്റ് അനുവദിക്കുന്ന സൗദി എയര്‍ലൈന്‍സിന്റെ ടിക്കറ്റിലാണ് തൊഴിലാളികള്‍ ഇന്ത്യയിലേക്ക് മടങ്ങുന്നത്. കൊച്ചിയിലേക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് നേരത്തെ രണ്ട് മലയാളികള്‍ അവസാന നിമിഷം യാത്ര ഉപേക്ഷിച്ചിരുന്നു. നേരിട്ട് സര്‍വീസ്് നടത്തുന്ന കേന്ദ്രങ്ങളിലേക്ക് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക്് ടിക്കറ്റ് നല്‍കുമെന്ന് തൊഴില്‍ മന്ത്രി ഡോ. മുഫറജ് അല്‍ ഹഖബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. മലയാളികളെ കൊച്ചിയിലെത്തിക്കുന്നതിനുളള ടിക്കറ്റിന് ശ്രമം തുടരുകയാണെന്ന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വളന്റിയര്‍ തെന്നല മൊയ്തീന്‍ കുട്ടിപറഞ്ഞു.

സൗദി ഓജറിന് റിയാദില്‍ അഞ്ച് ലേബര്‍ ക്യാമ്പുകളാണ് ഉളളത്. അല്‍ ഹിസാം, ഖാദിസിയ, തഖസുസി, ഇമാം, സാംഗ്, ഗള്‍ഫ്് തുടങ്ങിയ ക്യാമ്പുകളിലായി 450 മലയാളികളാണുളളത്. ഇവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചിട്ടുളളത് 100 പേര്‍ മാത്രമാണ്. ഇവരുടെ സേവനാനന്തര ആനുകൂല്യങ്ങളും ശമ്പളവും നേടിയെടുക്കുന്നതിന് ഇന്ത്യന്‍ എംബസിക്ക് പവര്‍ ഓഫ് അറ്റോര്‍ണി സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൊച്ചിയിലേക്ക് ടിക്കറ്റ് ലഭിക്കുന്നതിനനുസരിച്ച് നാട്ടിലേക്ക് മടങ്ങും. അതേസമയം നാട്ടിലേക്ക് മടങ്ങാനോ, സ്‌പോണ്‍സര്‍ഷിപ്പ് മാറി തൊഴില്‍ സ്ഥിരത ഉറപ്പു വരുത്താനോ തയ്യാറാകാതെ കമ്പനിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണ് ബാക്കിയുളളവര്‍.

DONT MISS
Top