സ്വദേശി യുവാക്കള്‍ക്ക് മൊബൈല്‍ഫോണ്‍ കടകള്‍ തുടങ്ങാന്‍ സഹായം നല്‍കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം

saudi

Representation Image

സൗദി: തൊഴില്‍രഹിതരായ സ്വദേശി യുവാക്കള്‍ക്ക് മൊബൈല്‍ഫോണ്‍ കടകള്‍ തുടങ്ങാന്‍ ആവശ്യമായ മുഴുവന്‍ സഹായവും നല്‍കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്വദേശികള്‍ക്ക് മികച്ച വരുമാനം കണ്ടെത്താന്‍ കഴിയുന്ന മേഖലയാണ് മൊബൈല്‍ ഫോണ്‍ വിപണി. അതുകൊണ്ടുതന്നെ സ്വയം സംരംഭകരാകാന്‍ തയ്യാറുളളവര്‍ക്ക് പരിശീലനം, വായ്പ, എന്നിവ നല്‍കുകമെന്നും മന്ത്രാലയം അറിയിച്ചു.

തൊഴില്‍ തേടുന്ന സ്വദേശികള്‍ക്കും സ്വന്തം സംരംഭം ആരംഭിക്കുന്നവര്‍ക്കും തൊഴില്‍ മന്ത്രാലയവും മാനവശേഷി വികസന നിധിയും സഹായിക്കും. ഇവര്‍ക്ക് ടെക്‌നിക്കല്‍ ആന്റ് വൊക്കേഷനല്‍ ട്രെയിനിംഗ് കോര്‍പറേഷന്‍ സൗജന്യ സാങ്കേതിക പരിശീലനവും നല്‍കും. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്, സൗദി ക്രെഡിറ്റ് ആന്റ് സേവിംഗ്‌സ് ബാങ്ക്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ് തുടങ്ങിയ സ്ഥാപനങ്ങളും പുതിയ സംരംഭകരെ സഹായിക്കും. സ്വയം സംരംഭം തുടങ്ങുന്നവര്‍ക്ക് മാസം മൂവായിരം റിയാല്‍ സഹായം ലഭിക്കും. ഇതിന് പുറമെ രണ്ട് ലക്ഷം റിയാല്‍ പലിശ രഹിത വായ്പയും അനുവദിക്കും.

രാജ്യത്തെ പ്രമുഖ പട്ടണങ്ങളില്‍ മൊബൈല്‍ ഫോണ്‍ കോംപ്ലക്‌സുകള്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ പുതിയ സംരംഭകര്‍ക്ക് മൊബൈല്‍ ഫോണ്‍ കടകള്‍ തുടങ്ങാന്‍ സൗകര്യം ഒരുക്കും. വനിതകള്‍ക്ക് മാത്രമുളള കോംപ്ലക്‌സുകളുടെ നിര്‍മ്മാണവും നടക്കുന്നുണ്ട്. സര്‍ക്കാരും വിവിധ ഏജന്‍സികളും യുവാക്കളെ ആകര്‍ഷിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയതോടെ കൂടുതല്‍ തൊഴില്‍ രഹിതരായ സ്വദേശികള്‍ മൊബൈല്‍ വിപണിയില്‍ തല്‍പരരായി കടന്നുവരുന്നുണ്ട്.

DONT MISS
Top