ജിയോ ഓഫറുകളെ വെല്ലുവിളിച്ച് ബിഎസ്എന്‍എല്‍: ഒരു രൂപയ്ക്ക് 1 ജിബി ഇന്റര്‍നെറ്റ്; 249 രൂപയ്ക്ക് 300 ജിബി ഡാറ്റ

bsnl

ദില്ലി: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് സൂചന നല്‍കി രംഗത്ത് വന്ന റിലയന്‍സ് ജിയോയെ വെല്ലുവിളിച്ച് നമ്മുടെ സ്വന്തം ബിഎസ്എന്‍എല്‍ രംഗത്ത്. 50 രൂപക്ക് 1 ജിബി 4ജി ഡാറ്റയെന്ന ഓഫര്‍ ജിയോ ആഘോഷിക്കുമ്പോള്‍ 1 ജിബി ഡാറ്റ ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ബിഎസ്എന്‍എല്‍ നല്‍കുക കേവലം വെറും ഒരു രൂപയ്ക്കും താഴെയായിരിക്കും.

വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡിന്റെ പ്രചരണാര്‍ഥമാണ് ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്. 249 രൂപയുടെ ഒരു മാസത്തേക്കുള്ള ബ്രോഡ്ബാന്‍ഡ് പ്ലാനാണ് ബിഎസ്എന്‍എല്‍ മുന്നോട്ട് വെക്കുന്നത്. സെപ്തംബര്‍ 9 മുതല്‍ പുതിയ ഓഫര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിധികളില്ലാത്ത ബ്രോഡ്ബാന്‍ഡ് ഡാറ്റ അനുഭവിക്കാമെന്നാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപനം. മാസം മുഴുവന്‍ ഇത് തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് 249 രൂപക്ക് 300 ജിബി ഡാറ്റ കൈമാറ്റം നടത്താന്‍ കഴിയുമെന്ന് ബിഎസ്എന്‍എല്‍ പ്രതിനിധി അറിയിച്ചു. അതായത്, 1 ജിബി ഡാറ്റക്ക് കേവലം ഒരു രൂപയ്ക്കും താഴെ മാത്രമാണ് ചെലവ് വരിക. 2 എംബിപിഎസ് വേഗതയാണ് ഈ പ്ലാനിനുള്ളത്.

ഇതുവഴി ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയര്‍മാനും എംഡിയുമായ അനുപം ശ്രീവാസ്തവ പറഞ്ഞു. ജിയോ പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം പ്രത്യക്ഷപ്പെട്ട് വിവാദത്തിലായിരുന്നു. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എലിനെ കൈവിട്ടാണ് പ്രധാനമന്ത്രി സ്വകാര്യ കമ്പനിക്ക് കുട പിടിക്കുന്നതെന്ന ആരോപണം ഉയരുന്നതിനിടെയാണ് സ്വന്തം നിലയില്‍ പോരാടാന്‍ ബിഎസ്എന്‍എല്‍ മുന്നോട്ട് വന്നിരിക്കുന്നത്.

DONT MISS
Top