ആഗോള വ്യാപകമായി സാംസങ്ങ് ഗാലക്‌സി നോട്ട് 7 തിരിച്ചു വിളിക്കുന്നു

galaxy-note-7ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ ഗാലക്‌സി നോട്ട് 7 തിരിച്ചുവിളിക്കാന്‍ സാംസങ്ങ് ഒരുങ്ങുന്നു. ബാറ്ററി തീപ്പിടിച്ച് പൊട്ടിത്തെറിക്കുന്ന നിരവധി കേസുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ മുന്‍നിരക്കാരായ സാംസങ്ങ് ഇത്തരമൊരു തീരുമാനവുമായി മുന്നിട്ടിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചാര്‍ജ് ചെയ്യുന്നതിനിടെ ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സാംസങ്ങിന്റെ ഓഹരികളില്‍ ഈ ആഴ്ച ആരംഭത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം. ഉപോഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. തകരാറിന്റെ കാരണങ്ങള്‍ എന്താണെന്ന് കണ്ടെത്തി ഉടന്‍തന്നെ അറിയിക്കുമെന്നും സാംസങ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സൗത്ത് കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ കമ്പനി ഫോണ്‍ തിരിച്ചുവിളിക്കുകയും മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുകയും ചെയ്തതായി കമ്പനി വക്താക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ആഗസ്ത് ആദ്യ വാരമാണ് സാംസങ്ങ് യുഎസ്സിലും ദക്ഷിണ കൊറിയയിലുമടക്കം വിപണിയിലെത്തിയത്. എന്നാല്‍ വിപണിയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തിയതാണ് കമ്പനിക്ക് തിരിച്ചടിയായത്. ഗാലക്‌സി നോട്ട് 7ന് ചാര്‍ജ്ജിംഗിനിടെ ഉരുകിയൊലിച്ചതിന്റേയും ബാറ്ററി പൊട്ടിത്തെറിച്ചതിന്റേയും ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതോടെ വില്‍പ്പനയിലും ഇടിവ് രേഖപ്പെടുത്തി.

അടുത്തയാഴ്ച ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണ്‍ മോഡല്‍ അവതരിപ്പിക്കാനിരിക്കേ നേരിട്ട തിരിച്ചടി വിപണിയില്‍ സാംസങ്ങിനെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.ആകെ വിറ്റഴിച്ച ഫോണുകളില്‍ തകരാര്‍ കാണിച്ച ബാറ്ററി ഘടിപ്പിച്ചവ 0.1 ശതമാനം മാത്രമേ വരൂ. അതുകൊണ്ടുതന്നെ ഈ പ്രശ്‌നം പരിഹരിക്കുന്നത് എളുപ്പമാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

DONT MISS
Top