നാനോ ഫാക്ടറിക്കായി സിംഗൂരില്‍ ഭൂമി ഏറ്റെടുത്ത നടപടി സുപ്രീം കോടതി റദ്ദാക്കി

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ദില്ലി: ടാറ്റയ്ക്ക് വേണ്ടി പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ഭൂമി ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. ടാറ്റയുടെ നാനോ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 2006 ല്‍ ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരാണ് ഭൂമി ഏറ്റെടുത്തത്. നിയമത്തെ കശാപ്പുചെയ്താണ് ഭൂമി ഏറ്റെടുക്കലിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് കോടതി വിമര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാരിനോട് ഭൂമി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട കോടതി അത് ഉടമസ്ഥര്‍ക്ക് 12 ആഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യാനും ഉത്തരവിട്ടു. സിംഗൂര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമം റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ വി ഗോപാല്‍ ഗൗഡ, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

ടാറ്റാ മോട്ടാറിന് 400 ഏക്കര്‍ ഭൂമി അനുവദിച്ച രീതിയെ കോടതി ചോദ്യം ചെയ്തു. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ നാല്, അഞ്ച് സെക്ഷനുകളില്‍ പറയുന്നതുപോലെ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

DONT MISS
Top