‘ഓടിക്കോ നേതാവേ ആളെ അറിയാം’; ഉസൈൻ ബോൾട്ടിനെ ഓടിത്തോൽപ്പിച്ച് എംഎസ്എഫ് താരം (വീഡിയോ)

പ്രസംഗത്തിൽ മുന്നിൽ, ഓട്ടത്തിലും

പ്രസംഗത്തിൽ മുന്നിൽ, ഓട്ടത്തിലും

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്നലെ എംഎസ്എഫ് കോഴിക്കോട്ടൊരു മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് പോലീസ് പൊളിച്ച് പാളിസാക്കി കൊടുത്തെങ്കിലും ഒരു എംഎസ്എഫുകാരന്‍ ഇതിലൂടെ ലോകപ്രശസ്തനായി. ഒരു നേതാവിന്റെ ധൈര്യം എല്ലാവിധത്തിലും പുറത്തുവന്ന കാഴ്ച തന്നെയായിരുന്നു അത്.

പാഠപുസ്തക വിതരണം വൈകിയതായിരുന്നു സമരത്തിന്റെ പ്രധാന കാരണം. കെഎസ്‌യു കയറുപൊട്ടിയ പമ്പരമായതോടെ എംഎസ്എഫുകാര്‍ രംഗത്തിറങ്ങി. കോഴിക്കോട്ടെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. ആദ്യം ഓടിവന്ന് ബാരിക്കേഡ് ചാടിക്കടക്കല്‍ മത്സരമായിരുന്നു. പിന്നെ നേതാക്കളുടെ പ്രസംഗം. അണികളെ മുന്നില്‍ നിന്ന് നയിച്ച എംഎസ്എഫ് നേതാവ് സയ്യിദ് ശറഫുദ്ദീന്‍ ജിഫ്രിയാണ് പ്രാസംഗികന്‍

പ്രതിഷേധം നടക്കുന്നതിനിടെ സമരക്കാരില്‍ ചിലര്‍ മറ്റൊരു വഴിയിലൂടെ ഓഫീസിനുള്ളില്‍ കടന്ന് അവകാശ പത്രിക സമര്‍പ്പിച്ചു. ബാരിക്കേഡ് കടന്ന് പുറത്തേക്കു പോകണമെന്ന് പ്രവര്‍ത്തകര്‍ വാശി പിടിച്ചതോടെ പിന്നെ പ്രതിഷേധ സ്ഥലത്ത് അടിയോട് അടി. ഈ വേളയിലാണ് ബാരിക്കേഡിനു സമീപത്തു കൂടി  എംഎസ്എഫ് നേതാവ് സയ്യിദ് ശറഫുദ്ദീന്‍ ജിഫ്രി  ജീവനും കൊണ്ടോടുന്നത് കാണുന്നത്. നേതാവിന്റെ ഓട്ടം വീഡിയോ രൂപത്തിലെത്തിയതോടെ സോഷ്യല്‍ മീഡിയയും ഓട്ടം ഏറ്റുപിടിച്ചു. എന്തായാലും ചില സിനിമകളെ ഓര്‍മ്മിപ്പിക്കും വിധത്തിലുള്ള എംഎസ്എഫ് നേതാവിന്റെ ഓട്ടം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്തായാലും പോലീസ് പുല്ലാണ് എന്നൊക്കെ പറഞ്ഞുവന്ന  നേതാവ്, ഓടിയ വഴിക്ക് അടുത്തകാലത്തൊന്നും പുല്ല് മുളയ്ക്കില്ലെന്ന് ഉറപ്പ്.

DONT MISS