പിവി സിന്ധുവിനും,സാക്ഷി മാലിക്കിനും,ദീപ കര്‍മ്മാക്കറിനും,ജിത്തു റായിക്കും രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം

pv-sindhu-khel-ratna-award

ദില്ലി: റിയോ ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടത്തിലൂടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ കാത്ത പി വി സിന്ധുവിനും സാക്ഷി മാലിക്കിനും രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം നല്‍കി ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി ആദരിച്ചു.

ഒപ്പം, റിയോയില്‍ വനിത വിഭാഗം ജിംനാസ്റ്റിക്‌സിലെ വൊള്‍ട്ട് ഇനത്തില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയ ദീപ കര്‍മ്മാക്കറിനും ഷൂട്ടര്‍ ജിത്തു റായിക്കും രാജ്യം ഖേല്‍ രത്‌ന നല്‍കി ആദരിച്ചു. പി വി സിന്ധു വനിത വിഭാഗം സിംഗിള്‍സില്‍ വെള്ളി മെഡല്‍ കരസ്ഥാക്കിയപ്പോള്‍, വനിത വിഭാഗം ഗുസ്തിയില്‍ സാക്ഷി മാലിക്ക് വെങ്കല മെഡല്‍ നേടിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് നാല് കായിക താരങ്ങള്‍ക്ക് ഒരുമിച്ച് ദേശീയ കായിക അവാര്‍ഡ് ലഭിക്കുന്നത്. റിയോയില്‍ പെണ്‍കരുത്തില്‍ മാത്രം ഇന്ത്യ മെഡല്‍ സാന്നിധ്യം അറിയിച്ചത് നേരത്തെ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

2009 ല്‍ ബോക്‌സര്‍മാരായ വിജേന്ദര്‍ സിങ്ങിനും, എംസി മേരി കോമിനും പുറമെ ഗുസ്തി താരം സുശീല്‍ കുമാറിനും ഒരുമിച്ച് ഖേല്‍ രത്‌ന പുരസ്‌കാരം നല്‍കിയിരുന്നു. മെഡലും, പ്രശസ്തി പത്രവും 7.5 ലക്ഷം രൂപയും അടങ്ങുന്നതാണ് ഖേല്‍ രത്‌ന പുരസ്‌കാരം.

sakshi-malik-rajiv-gandhi-khel-ratna

ഖേല്‍ രത്‌ന പുരസ്‌കാരങ്ങള്‍ക്ക് പുറമെ, 15 താരങ്ങള്‍ക്ക് രാജ്യം അര്‍ജ്ജുന പുരസ്‌കാരം നല്‍കി ആദരിച്ചു. മെഡലും, പ്രശസ്തി പത്രവും, 5 ലക്ഷം രൂപ അടങ്ങുന്നതുമാണ് അര്‍ജ്ജുന അവാര്‍ഡ്. റിയോയില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍, 10 ആം സ്ഥാനം നേടിയ ദീര്‍ഘദൂര താരം ലളിത ബാബര്‍, കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ ബോക്‌സിങ്ങ് താരം ശിവ ഥാപ, ഹോക്കി താരങ്ങളായ വി ആര്‍ രഘുനാഥ്, റാണി റാംപാല്‍ എന്നിവരടങ്ങുന്നതാണ് അര്‍ജ്ജുന അവാര്‍ഡ് പുരസ്‌കാര നിര. ക്രിക്കറ്റ് താരം അജിങ്ക്യ രാഹനെയ്ക്കും അര്‍ജ്ജുന അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലായതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ജാവലിന്‍ താരം നീരജ് ചോപ്രയും അര്‍ജ്ജുന അവാര്‍ഡ് നിരയിലുണ്ട്.

ഫുട്‌ബോള്‍ രംഗത്ത് നിന്നും ഗോള്‍കീപ്പര്‍ സുബ്രത പാലിനും, ഷൂട്ടിങ്ങ് താരം അപൂര്‍വി ചന്ദേലയ്ക്കും, ഗുസ്തി താരം വിനേഷ് ഫോഗട്ടിനും അര്‍ജ്ജുന അവാര്‍ഡ് ലഭിച്ചു. റിയോ ഒളിമ്പകിസിലെ മത്സരത്തില്‍ നിന്നും മുട്ടിന് പരിക്കേറ്റതിനാല്‍ വീല്‍ ചെയറില്‍ ഇരുന്നാണ് വിനീഷ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

dipa-karmakar-khel-ratna

ഈ വര്‍ഷത്തെ ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ക്ക് ആറ് പരിശീലകരെയാണ് രാജ്യം തെരഞ്ഞെടുത്തത്. ദീപ കര്‍മ്മാക്കറിന്റെ പരിശീലകന്‍ ബിശ്വേശ്വര്‍ നന്ദിയും, ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലിയുടെ പരിശീലകന്‍ രാജ് കുമാര്‍ ശര്‍മ്മയും നിരയില്‍ പ്രമുഖര്‍. ഇവര്‍ക്ക് പുറമെ, നാഗ്പുരി രമേഷ്, സാഗര്‍ മാല്‍ ദയാല്‍, പ്രദീപ് കുമാര്‍, മഹാബിര്‍ സിങ്ങ് എന്നിവര്‍ക്കും ദ്രോണാചാര്യ അവര്‍ഡ് നല്‍കി രാജ്യം ആദരിച്ചു.

ധ്യാന്‍ ചന്ദ് പുരസ്‌കാരങ്ങള്‍ക്ക്, അത്‌ലറ്റിക്‌സ് താരം സതി ഗീത, ഹോക്കി താരം സില്‍വാനസ് ദുങ് ദുങ്, തുഴച്ചില്‍ താരം രാജേന്ദ്ര പ്രഹലദ് ഷെല്‍ക്കെ എന്നിവരെ തെരഞ്ഞെടുത്തു. ചടങ്ങില്‍ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ പങ്കെടുത്തു.

പുരസ്‌കാര ജേതാക്കള്‍-

ഖേല്‍ രത്‌ന: പിവി സിന്ധു, ദീപ കര്‍മ്മാക്കര്‍, ജിത്തു റായി, സാക്ഷി മാലിക്ക്
ദ്രോണാചാര്യ: ബിശ്വേശ്വര്‍ നന്ദി, രാജ് കുമാര്‍ ശര്‍മ്മ, നാഗ്പുരി രമേഷ്, സാഗര്‍ മാല്‍ ദയാല്‍, പ്രദീപ് കുമാര്‍, മഹാബിര്‍ സിങ്ങ്

അര്‍ജ്ജുന: രജത് ചൗഹാന്‍, ലളിത ബാബര്‍, സൗരവ് കോത്താരി, ശിവ ഥാപ, അജിങ്ക്യ രാഹനെ, സുബ്രതോ പാല്‍, റാണി, വി.ആര്‍ രഘുനാഥ്, ഗുര്‍പ്രീത് സിങ്ങ്, അപൂര്‍വി ചന്ദേല, സൗമ്യജിത്ത് ഘോഷ്, വിനേഷ് ഫോഗട്ട്, അമിത് കുമാര്‍, സന്ദീപ് സിങ്ങ് മന്‍, വിരേന്ദര്‍ സിങ്ങ്

ധ്യാന്‍ചന്ദ്: സട്ടി ഗീത, സില്‍വാനസ് ദുങ് ദുങ്, രാജേന്ദ്ര പ്രല്‍ഹദ് ഷെല്‍ക്കെ

DONT MISS
Top