ബീഫ് കഴിച്ചതിനാലാണ് ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണം നേടിയത്; ബിജെപി എംപി ഉദിത് രാജിന്‍റെ ട്വീറ്റ് വിവാദത്തില്‍

usain-bolt

ദില്ലി: ദിവസത്തില്‍ രണ്ട് തവണ ബീഫ് കഴിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതിനാലാണ് ഒളിമ്പിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിന് 9 സ്വര്‍ണ മെഡലുകള്‍ നേടാന്‍ സാധിച്ചതെന്ന് ബിജെപി എംപി ഉദിത് രാജ്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ഇക്കാര്യം ചൂണ്ടിക്കാണിച്ച ഉദിത് രാജിന്റെ ട്വീറ്റ് പാര്‍ട്ടിക്കുള്ളിലും പുറത്തും വിവാദമായിരിക്കുകയാണ്.

ജനങ്ങളെ ബീഫ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഉദിത്ത് രാജിന്റെ ട്വീറ്റെന്നും, രാജ്യത്ത് ബീഫ് ഉപയോഗിക്കുന്നവരുടെ വക്താവാണ് ബിജെപി എംപിയെന്നുമുള്ള ആരോപണത്തെ തുടര്‍ന്ന് തന്റെ ട്വീറ്റിന് വ്യക്തത നല്‍കി കൊണ്ട് ഉദിത് രാജ് രംഗത്തെത്തി. താന്‍ ബീഫിന്റെ വക്താവല്ലെന്നും ഉസൈന്‍ ബോള്‍ട്ടിന്റെ പരിശീലകന്റെ വാക്കുകളെ താന്‍ പരാമര്‍ശിക്കുകയായിരുന്നുവെന്നും ട്വീറ്റിലൂടെ ഉദിത് വ്യക്തമാക്കി.

രാജ്യത്ത് ബീഫ് ഉപയോഗത്തിനെതിരെ കടുത്ത നിയമങ്ങളുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴാണ് ബിജെപി എംപി ഉദിത്ത് രാജിന്റെ ട്വീറ്റ് എന്നതാണ് ശ്രദ്ധേയം.
പ്രതിസന്ധികള്‍ നിറഞ്ഞ ജമൈക്കന്‍ സാഹചര്യങ്ങളില്‍ നിന്നും ഉസൈന്‍ ബോള്‍ട്ടിന് വന്‍ നേട്ടങ്ങള്‍ നേടാന്‍ സാധിച്ചെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും സാധിക്കുമെന്ന് ഉദിത് രാജ് ട്വീറ്റ് ചെയ്തു.
സാഹചര്യങ്ങളെയും സര്‍ക്കാരിനെയും പഴിചാരാതെ മത്സരങ്ങള്‍ വിജയിക്കാന്‍ കായിക താരങ്ങളും സമൂഹവും ശ്രമിക്കണമെന്നും ഉദിത് രാജ് ട്വിറ്ററിലൂടെ അറിയിച്ചു.

ബിജെപിയില്‍ അംഗമാകുന്നതിന് മുമ്പ് പ്രമുഖ ദലിത് നേതാവായ ഉദിത് രാജ് ബിജെപിയുടെ കടുത്ത വിമര്‍ശകനായിരുന്നു. എന്നാല്‍ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ നയങ്ങളിലും പ്രവര്‍ത്തനങ്ങളിലും താന്‍ ആകൃഷ്ടനാണെന്ന് വ്യക്തമാക്കി ബിജെപിയില്‍ അംഗത്വം നേടുകയായിരുന്നു.

DONT MISS
Top