യുഎസ് ഓപ്പണ്‍; നോവാക് ദ്യോകോവിച്ചും സെറീനയും ടോപ് സീഡുകള്‍

നൊവാക് ദ്യോകോവിച്- സെറീന വില്യംസ് (ഫയല്‍ ചിത്രം)

നൊവാക് ദ്യോകോവിച്- സെറീന വില്യംസ് (ഫയല്‍ ചിത്രം)

ന്യുയോര്‍ക്ക്: യുഎസ് ഓപ്പണില്‍ പുരുഷ വിഭാഗത്തില്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചും വനിതാ വിഭാഗത്തില്‍ സെറീന വില്യംസും ടോപ് സീഡുകള്‍. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നതാണ് ഇരുവരേയും ടോപ് സീഡുകളാക്കിയത്. സീസണിലെ അവസാന ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണ്‍ ഈ മാസം 29 ന് ആരംഭിക്കും. പുരുഷ വിഭാഗത്തില്‍ ദ്യോകോവിച്ചും വനിതാ വിഭാഗത്തില്‍ ഇറ്റലിയുടെ വിരമിച്ച താരം ഫ്ലാവിയോ പെന്നറ്റെയുമാണ് നിലവിലെ ജേതാക്കള്‍.

ആഞ്ജലിക്ക കെര്‍ബറാണ് വനിതാ വിഭാഗത്തില്‍ രണ്ടാം സീഡ്. ഗര്‍ബിന്‍ മുഗുരസെ, ആഗ്നിസ്‌ക റഡ്വാന്‍സ്‌ക എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. സെറീന വില്യംസ് ഇത് അഞ്ചാം തവണയാണ് യുഎസ് ഓപ്പണില്‍ ടോപ്‌സീഡ് ആകുന്നത്. ഫ്ലെഷിങ് മെഡോയില്‍ ആറുവട്ടം കിരീടം ഉയര്‍ത്തിയിട്ടുള്ള സെറീന കഴിഞ്ഞ തവണ സെമിഫൈനലില്‍ റോബര്‍ട്ട വിന്‍സിയോട് തോറ്റ് പുറത്താവുകയായിരുന്നു.

പുരുഷവിഭാഗത്തില്‍ ലോക രണ്ടാം നമ്പറും റിയോ ഒളിംപിക്‌സ് ചാമ്പ്യനുമായ ബ്രിട്ടന്റെ ആന്റി മറെയാണ് രണ്ടാം സീഡ്. കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ദ്യോകോവിച്ചിന് ശക്തമായ വെല്ലുവിളിയായിരിക്കും മറെ. സ്വിസ് താരം വാവ്‌റിങ്ക മൂന്നാമതും മുന്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ നാലാമതുമാണ്. അഞ്ചുവട്ടം ചാമ്പ്യനായ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്.

DONT MISS
Top