പാക് ക്ഷണം തള്ളി ഇന്ത്യ: ‘കശ്മീരല്ല വിഷയം, ആദ്യം ചര്‍ച്ച ചെയ്യേണ്ടത് തീവ്രവാദം’

modi

ദില്ലി: കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് ആദ്യം പരിഹരിക്കേണ്ടത് അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണെന്ന് പാകിസ്താനോട് ഇന്ത്യ. കാശ്മീര്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള പാക് ക്ഷണം തള്ളിക്കൊണ്ട് അയച്ച കത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയെ ഇസ്ലാമാബാദിലേക്ക് ക്ഷണിച്ച് കൊണ്ട് പാക് വിദേശ കാര്യ സെക്രട്ടറി അയ്‌സാസ് അഹമ്മദ് ചൗധരി അയച്ച കത്തിന്റെ മറുപടിയിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി എസ് ജയശങ്കര്‍ ഇന്ത്യന്‍ നിലപാട് വ്യക്തമാക്കിയത്. കശ്മീര്‍ വിഷയത്തിലല്ല, പാകിസ്താനുമായി തീവ്രവാദ സംബന്ധമായ ചര്‍ച്ചകളാണ് നടക്കേണ്ടതെന്ന് കത്തില്‍ പറയുന്നു. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാട്ടി പാകിസ്താന്‍ രണ്ട് തവണ കത്ത് നല്‍കിയിരുന്നു.

യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കാശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പാകിസ്താനിലേക്ക് എത്തണമെന്നായിരുന്നു ആവശ്യം. കശ്മീരിലെ ജനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും, കശ്മീരിലെ ജനങ്ങള്‍ക്ക് മെഡിക്കല്‍ സഹായമെത്തിക്കാന്‍ പാക് സംഘത്തെ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എത്രയും പെട്ടെന്ന് പാകിസ്താന്‍ പാക് അധീന കശ്മീരില്‍ നിന്നും പിന്‍വാങ്ങണമെന്നും കശ്മീര്‍ പ്രശ്‌നം രൂക്ഷമാക്കാനാണ് പാക് ശ്രമമെന്നും കത്തില്‍ ഇന്ത്യ കുറ്റപ്പെടുത്തി.

DONT MISS
Top