ഊര്‍ജിത് പട്ടേലിനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് നരേന്ദ്ര മോദി

nare

നരേന്ദ്ര മോദിയും ഊര്‍ജിത് പട്ടേലും

ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് ഊര്‍ജിത് പട്ടേലിന്റെ പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ഊര്‍ജിത് പട്ടേല്‍ ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. പട്ടേല്‍ അടക്കം നാല് പേരുടെ പട്ടികയാണ് പ്രധാനമന്ത്രിയും, ധനമന്ത്രിയും പങ്കെടുത്ത ഉന്നതതലയോഗത്തിന്റെ മുന്‍പാകെ സമര്‍പ്പിച്ചിരുന്നത്.

ഓഗസ്റ്റ് 20 നാണ് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഊര്‍ജിത് പട്ടേലിനെ നിശ്ചയിച്ചുകൊണ്ടുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുറത്തുവന്നത്. സെപ്റ്റംബര്‍ മൂന്നിന് സ്ഥാനം ഒഴിയുന്ന നിലവിലെ ഗവര്‍ണര്‍ രഘുറാം രാജന്റെ ഒഴിവിലേക്കാണ് പുതിയ പേര് നിര്‍ദേശിച്ചത്. വീണ്ടും ഗവര്‍ണറായി തുടരാന്‍ താല്‍പര്യമില്ലെന്ന് രഘുറാം രാജന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പുതിയ ഗവര്‍ണറെ കണ്ടെത്തുന്നതിനുളള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ പേരുകള്‍ ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അടുത്തിടെ ചേര്‍ന്ന പ്രധാനമന്ത്രിയും ധനമന്ത്രിയും ഉള്‍പ്പെട്ട ഉന്നതതലയോഗം ഊര്‍ജിത് പട്ടേല്‍ അടക്കമുളള നാലുപേരുടെ അന്തിമ പട്ടികയാണ് പരിഗണിച്ചത്. ഇതില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് ഊര്‍ജിത് പട്ടേലിന്റെ പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് പുറമേ മുഖ്യ സാമ്പത്തികകാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹമ്ണ്യന്‍, ലോകബാങ്ക് മുഖ്യ സാമ്പത്തിക വിദഗ്ധന്‍ കൗശിക് ബസു, റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ സുബീര്‍ ഗോകര്‍ണ്‍ എന്നിവരുടെ പേരുകളാണ് അന്തിമപട്ടികയിലുണ്ടായിരുന്നത്. അവസാനഘട്ടം വരെ ഊര്‍ജിത് പട്ടേലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയത് അരവിന്ദ് സുബ്രഹമ്ണ്യന്‍ ആയിരുന്നുവെന്നും അധിക്യതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ നരേന്ദ്രമോദി ഊര്‍ജിത് പട്ടേലിന് പിന്നില്‍ ഉറച്ചുനിന്നതോടെ, യോഗം മറുത്ത് ചിന്തിച്ചില്ലെന്നും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. അക്കാദമിക യോഗ്യതകള്‍ക്ക് പുറമേ പൊതുനയം രൂപികരിക്കുന്നതിലെ നീണ്ടകാലത്തെ പരിചയസമ്പത്തും, സ്ഥിരതയാര്‍ന്ന പ്രകടനവുമാണ് ഊര്‍ജിത് പട്ടേലിനെ തെരഞ്ഞെടുക്കാന്‍ നരേന്ദ്രമോദിയെ പ്രേരിപ്പിച്ച ഘടകം.

അരവിന്ദ് സുബ്രഹ്മണ്യന്‍ ഇന്ത്യന്‍ ഭരണ സംവിധാനത്തിന്റെ ഭാഗമായത് അടുത്തകാലത്താണ്. 2014ലാണ് അദ്ദേഹത്തെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി നിയോഗിച്ചത്. പൊതുസര്‍വീസിന്റെ ഭാഗമായി നീണ്ടകാലത്തെ പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍, ഭാവിയില്‍ ഈ സ്ഥാനത്തേയ്ക്ക് അരവിന്ദ് സുബ്രഹ്മ്ണ്യനെ പരിഗണിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും കേന്ദ്രബാങ്ക് വ്യത്തങ്ങള്‍ വ്യക്തമാക്കി. പുതിയ ഗവര്‍ണറെ പ്രഖ്യാപിക്കുന്നതും, നിലവിലെ ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്നതും തമ്മില്‍ കുറഞ്ഞ കാലയളവേ പാടുളളുവെന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. കേന്ദ്രബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് ഇത്തരം ഒരു നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇതാണ് ഗവര്‍ണര്‍ പ്രഖ്യാപനം വൈകാന്‍ ഇടയാക്കിയതെന്ന് വിലയിരുത്തുന്നു.

DONT MISS
Top