350 കോടി ഡോളര്‍ ചെലവഴിച്ച് ഇന്ത്യയില്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന അന്തര്‍വാഹിനിയുടെ രഹസ്യങ്ങള്‍ ചോര്‍ന്നു

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ദില്ലി: 350 കോടി ഡോളര്‍ ചെലവില്‍ അടിയന്തര യുദ്ധ സാഹചര്യങ്ങള്‍ക്കായി ഇന്ത്യയില്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന സ്‌കോര്‍പ്പീന്‍ ഗണത്തിലുള്ള അന്തര്‍വാഹിനിയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതായി ഓസ്‌ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ നേവിയ്ക്ക് വേണ്ടി ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ഡിസിഎന്‍എസ് രൂപകല്പന ചെയ്ത മുങ്ങിക്കപ്പലിന്റെ അതീവരഹസ്യങ്ങളാണ് ചോര്‍ന്നത്. രൂപരേഖയിലെ 22,400 പേജുകളില്‍ പ്രതിരോധ പ്രവര്‍ത്തന പ്രകിയകള്‍ അടങ്ങിയ വിവരങ്ങളാണുള്ളത്.

മുംബൈ മസഗോണ്‍ കപ്പല്‍ത്തുറയില്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന മുങ്ങിക്കപ്പലുകളില്‍ ആദ്യത്തേതായ ഐഎന്‍എസ് കാല്‍വരി ലോകത്തിലെ അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏറ്റവും അപകടകാരികളായ മുങ്ങിക്കപ്പലുകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവയാണ്. മുങ്ങിക്കപ്പലില്‍ നല്‍കിയിരിക്കുന്ന സെന്‍സറുകളെയും വാര്‍ത്താവിനിമയ-ദിശ നിയന്ത്രണ സംവിധാനങ്ങളെയും പ്രതിപാദിക്കുന്ന വിവരങ്ങളാണ് നിലവില്‍ ചോര്‍ന്നിരിക്കുന്നത് എന്നാണ് സൂചന.

submarine 2

രഹസ്യ വിവരങ്ങള്‍ ഇന്ത്യയില്‍ നിന്നാണോ, ഫ്രാന്‍സില്‍ നിന്നാണോ ചോര്‍ന്നത് എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും ഇന്ത്യയില്‍ നിന്നാകാം ചോര്‍ന്നതെന്ന് ഡിസിഎന്‍എസ് ആരോപിക്കുന്നു. എന്നാല്‍ 2011 ല്‍ ഡിസിഎന്‍എസില്‍ സബ്‌കോണ്‍ട്രാക്ടറായിരുന്ന മുന്‍ ഫ്രഞ്ച് നേവി ഉദ്യോഗസ്ഥനാകാം വിവരങ്ങള്‍ ചോര്‍ത്തിയത് എന്ന് ഓസ്‌ട്രേലിയന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഓസ്‌ട്രേലിയന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് കമ്പനി വ്യക്തമാക്കി. ചോര്‍ന്ന വിവരങ്ങള്‍ ഓസ്‌ട്രേലിയന്‍ കമ്പനിയ്ക്ക് പുറമെ, ദക്ഷിണ പൂര്‍വേഷ്യന്‍ കമ്പനികള്‍ക്കും ലഭിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

DONT MISS
Top