അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നിക്കോളാസ് സര്‍ക്കോസി

നിക്കോളാസ് സര്‍ക്കോസി

നിക്കോളാസ് സര്‍ക്കോസി

പാരീസ്: ഫ്രാന്‍സില്‍ അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി രംഗത്ത്. വലതുപക്ഷ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയാകാന്‍ നവംബറില്‍ നടക്കുന്ന പ്രൈമറിയില്‍ മത്സരിക്കുമെന്ന് സര്‍ക്കോസി അറിയിച്ചു.

2007 മുതല്‍ 2012 വരെ ഫ്രാന്‍സില്‍ പ്രസിഡണ്ടായിരുന്ന സര്‍ക്കോസി വീണ്ടും മത്സര രംഗത്തത്തുന്നത് തിരഞ്ഞെടുപ്പിന് കൂടുതല്‍ മത്സര വീര്യം പകരും. ‘എല്ലാം ഫ്രാന്‍സിനു വേണ്ടി’ എന്ന പുസ്തകത്തിന് എഴുതിയ ആമുഖത്തിലാണ് വീണ്ടും പ്രസിഡന്റാകാനുള്ള ആഗ്രഹം സര്‍ക്കോസി ആദ്യം സൂചിപ്പിച്ചത്. പിന്നീട് ട്വിറ്റര്‍ സന്ദേശങ്ങളിലൂടെ താന്‍ രംഗത്തുണ്ടാകുമെന്ന് സര്‍ക്കോസി ആവര്‍ത്തിക്കുകയും ചെയ്തു.

നിലവിലെ പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാദിന്റെ ജനപ്രീതി കുറഞ്ഞതും ഫ്രാന്‍സിനു നേരെ തുടര്‍ച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങള്‍ തടയുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്ന വിലയിരുത്തലും വലതുപക്ഷ പാര്‍ട്ടിക്ക് ഒലാദിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയെക്കാള്‍ ജനപിന്തുണ ലഭിക്കാന്‍ ഇടയാക്കും എന്നാണ് സര്‍ക്കോസിയുടെ കണക്കുകൂട്ടല്‍.

അടുത്തിടെ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സര്‍ക്കോസിയുടെ യൂണിയന്‍ ഓഫ് പോപ്പുലര്‍ മൂന്നില്‍ രണ്ടു സീറ്റില്‍ വിജയിച്ചിരുന്നു.

DONT MISS
Top