ജെയ്ഷയുടെ ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

ഒ പി ജെയ്ഷ

ഒ പി ജെയ്ഷ

ദില്ലി: റിയോ ഒളിമ്പിക്‌സില്‍ മാരത്തണില്‍ പങ്കെടുക്കുന്നതിനിടെ വെള്ളം പോലും ലഭിച്ചില്ല എന്ന മലയാളി താരം ഒ പി ജെയ്ഷയുടെ ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനായി രണ്ടംഗ സമിതിയെ നിയോഗിച്ചതായി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അറിയിച്ചു. സ്‌പോര്‍ട്‌സ് ജോയിന്റ് സെക്ട്രട്ടറി ഓംകാര്‍ കേഡിയ, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ വിവേക് നാരായണ്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ കായിക മന്ത്രാലയം നിരപരാധിയാണെന്നു പറഞ്ഞ മന്ത്രി ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനുമാണ് മറുപടി പറയേണ്ടതെന്നും വ്യക്തമാക്കിയിരുന്നു.

ജെയ്ഷയുടെ ആരോപണങ്ങള്‍ തള്ളി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു. റിയോയില്‍ ജെയ്ഷ വെള്ളം ആവശ്യപ്പെട്ടില്ലെന്നായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്റെ വാദം. മാരത്തണ്‍ മത്സരത്തില്‍ ഊര്‍ജ്ജദായകമായ പാനീയങ്ങള്‍ നിരസിച്ചത് ഒ പി ജെയ്ഷയും കോച്ച് നിക്കോളയ് സ്‌നെസറേവും ആണെന്നും ഔദ്യോഗിക വാര്‍ത്ത കുറിപ്പിലൂടെ എഎഫ്‌ഐ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തനിക്ക് നുണ പറയേണ്ടതിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി ജെയ്ഷ രംഗത്തെത്തുകയും ചെയ്തിരുന്നു.

റിയോയില്‍ തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് തിങ്കളാഴ്ചയാണ് ഒ പി ജെയ്ഷ വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ജെയ്ഷയുടെ വെളിപ്പെടുത്തല്‍. ദേശീയ റെക്കോര്‍ഡിനുടമയായ ഒ പി ജെയ്ഷ റിയോയില്‍ 42.195 കിലോമീറ്റര്‍ ഓടിയത് ആവശ്യത്തിന് വെള്ളം പോലും ലഭിക്കാതെയായിരുന്നു. എല്ലാ 2.5 കിലോ മീറ്റര്‍ പിന്നിടുമ്പോഴും വെള്ളവും മറ്റ് ഊര്‍ജ്ജ പ്രദാന വസ്തുക്കളുമായി മത്സരാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാന്‍ എല്ലാ രാജ്യങ്ങളുടെ ഉദ്യോഗസ്ഥരും നിശ്ചിത സ്ഥലങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ പേരിനും പതാകയ്ക്കും സമീപത്ത് ആരും ഉണ്ടായിരുന്നില്ലെന്നും ജെയ്ഷ വ്യക്തമാക്കിയിരുന്നു.

DONT MISS
Top