25-ആം വാര്‍ഷികം ആഘോഷിക്കുന്ന വേള്‍ഡ് വൈഡ് വെബ്

www

ആഗോള ജനതയെ ഒരു കുടക്കീഴില്‍ കൊണ്ട് വന്ന വേള്‍ഡ് വൈഡ് വെബിന്റെ 25-ആം വാര്‍ഷികമാണ് ഇന്ന്. 1993 ഓഗസ്റ്റ് 23-ന് സെര്‍ണിലെ ശാസ്ത്രജ്ഞനായ ടിം ബര്‍ണേഴ്‌സ് ലീ യുടെ ആശയങ്ങളിലൂടെയും രൂപകല്‍പനയുടെയും ഫലമായാണ് വേള്‍ഡ് വൈഡ് വെബ് (WWW) ജനങ്ങളിലെത്തുന്നത്.

നാം ഇന്ന് ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിന്റെ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും വേള്‍ഡ് വൈഡ് വെബ് തന്നെയാണ്.ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബും ഇല്ലാതിരുന്നെങ്കില്‍ ഇന്ന് കാണുന്ന സൈബര്‍ ലോകം ഉണ്ടാകില്ല. ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബും ഒന്ന് തന്നെയല്ലേ എന്ന സംശയം നമ്മളില്‍ ചിലര്‍ക്കെങ്കിലും ഇപ്പോഴും ഉണ്ടാകും. എന്നാല്‍ ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബും ബന്ധപ്പെട്ടിരിക്കുന്നു എങ്കിലും രണ്ടും വ്യത്യസ്തമാണ്.

ലോകത്തുള്ള ദശലക്ഷക്കണക്കിനു കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ്‌വര്‍ക്കിനെയും, അവ നല്‍കുന്ന വിവിധ സൗകര്യങ്ങളെയും പൊതുവായി ഇന്റര്‍നെറ്റ് എന്നു വിളിക്കുന്നു. പാക്കറ്റ് സ്വിച്ചിങ്(Packet Switching) അടിസ്ഥാനമാക്കിയ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍ (Internet Protocol) എന്ന വിവരസാങ്കേതിക വിദ്യയാണ് ഇന്റര്‍നെറ്റ് എന്ന ആശയം പ്രാവര്‍ത്തികമാക്കുവാന്‍ ഉപയോഗിക്കുന്നത്. വിവരസാങ്കേതികവിദ്യ സേവനങ്ങളായ വേള്‍ഡ് വൈഡ് വെബ്, പിയര്‍റ്റുപിയര്‍ നെറ്റ്‌വര്‍ക്ക്‌ (Peer to Peer Network), ചാറ്റ് (chat), ഇലക്ട്രോണിക്‌മെയില്‍ (e-Mail), ഓണ്‍ലൈന്‍ ഗെയിമിങ് (Online Gaming), വാര്‍ത്താ സര്‍വീസുകള്‍ (News Services) എന്നീ സേവനങ്ങള്‍ നല്‍കിപ്പോരുന്ന ഇന്റര്‍നെറ്റിനെ പൊതുവെ നെറ്റ് എന്നും വിശേഷിപ്പിക്കുന്നു.

ടിം ബര്ണേഴ്സ് ലീ (സെര്ണില് നിന്നുള്ള ഫയല് ചിത്രം)

ടിം ബര്ണേഴ്സ് ലീ (സെര്ണില് നിന്നുള്ള ഫയല് ചിത്രം)

വേള്‍ഡ് വൈഡ് വെബ് എന്നുള്ളത്, ഇന്റര്‍നെറ്റ് എന്ന മാധ്യമം ഉപയോഗിച്ച് പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഇലക്ട്രോണിക് ഡോക്യുമെന്റുകളുടെ സമാഹരത്തെയാണ് സൂചിപ്പിക്കുന്നത്. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ അര്‍പ്പാനെറ്റില്‍ നിന്നും ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സ്യൂട്ടിലേക്ക് പൂര്‍ണ്ണമായി മാറിയതും പിന്നീട് പാക്കറ്റ് സ്വിച്ചിംഗ് ഡേറ്റാ ഉപയോഗിച്ച് കമ്പ്യൂട്ടറുകളെ പുതിയ രീതിയില്‍ ബന്ധപ്പെടുത്തുന്ന വേള്‍ഡ് വൈഡ് വെബ്ബിലേക്ക് ഇന്റര്‍നെറ്റ് മാറിയതും ഡിജിറ്റല്‍ യുഗത്തിലേക്കുള്ള മനുഷ്യന്റെ കാല്‍വയ്പ്പിന് വേഗത നല്‍കുകയായിരുന്നു.

ചരിത്രം ചുരുക്കത്തില്‍

1957ലെ റഷ്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹമായ സ്പുട്‌നിക്കിന്റെ വിക്ഷേപണം അമേരിക്കന്‍ ഐക്യനാടിന് ഒരു വെല്ലുവിളിയായിത്തീരുകയും അവരുടെ പ്രതിരോധാവശ്യങ്ങള്‍ക്കുള്ള ഗവേഷണസ്ഥാപനമായ അര്‍പ്പ (ARPA) അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രൊജെക്റ്റ് ഏജന്‍സി (Advanced Research Project Agency), 1969ല്‍ അര്‍പ്പാനെറ്റ് ( ARPANET) എന്ന നെറ്റ്‌വര്‍ക്കിന്‌ രൂപം കൊടുക്കുകയുണ്ടായി. ഇതിന്റെ ഉദ്ദേശ്യം യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ മാത്രം സൈനികപരമായ നേട്ടങ്ങള്‍ ആയിരുന്നു. ഒരു കുടിയേറ്റ വാണിജ്യ രാജ്യമായ അമേരിക്കന്‍ ഐക്യനാടുകള്‍ അവരുടെ വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് അര്‍പാനെറ്റിനെ ഉപയോഗിക്കുവാന്‍ തുടങ്ങി. തന്‍മൂലം 1983-ല്‍ അര്‍പ്പാനെറ്റ്( ARPANET); മില്‍നെറ്റ്( MILNET),അര്‍പ്പാനെറ്റ്( ARPANET) എന്നിങ്ങനെ രണ്ടായി മാറി. മില്‍നെറ്റിനെ മിലിട്ടറി നെറ്റ്‌വര്‍ക്ക് എന്നു വിളിക്കാറുണ്ട്. അതുപോലെ തന്നെ അര്‍പാനെറ്റിന് ഡാര്‍പ ( DARPA)എന്ന തരം തിരിവ് ഉണ്ട്. ഡാര്‍പ ( DARA)എന്നു വെച്ചാല്‍ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രൊജെക്റ്റ് ഏജന്‍സി ( Defence Advanced Research Project Agency) എന്നാണ്. അര്‍പ്പാനെറ്റിനെ മാര്‍ച്ച് 23, 1972ല്‍ ഡാര്‍പ്പാനെറ്റ്ആക്കുകയും , വീണ്ടും ഫെബ്രുവരി 22, 1993ല്‍ അര്‍പ (ARPA) ആക്കുകയും , വീണ്ടു തിരിച്ച് മാര്‍ച്ച് 11, 1996 ഡാര്‍പാനെറ്റ് (DARPANET) ആക്കുകയും ചെയ്തു.

old

എന്നാല്‍ 1980 ല്‍ സെര്‍ണിലെ ആവശ്യങ്ങള്‍ക്കായി വ്യക്തിഗത ഡേറ്റാബേസും സോഫ്റ്റുവെയറുകളും ടിം ബര്‍ണേഴ്‌സ് ലീ വികസിപ്പിച്ചിരുന്നു. ഇക്കാലയളവിലാണ് ഓരോ പേജുകളും തമ്മില്‍ ബന്ധിക്കപ്പെടുന്ന ഹൈപ്പര്‍ടെക്സ്റ്റ് (Hypertext) സാങ്കേതികതയ്ക്ക് വഴിതെളിച്ചത്. തന്റെ ആശയങ്ങളുമായി മുന്നോട്ട് നീങ്ങിയ ബെര്‍ണേഴ്‌സ് ലീ 1989-ല്‍ ഇന്റര്‍നെറ്റിനെ ഹൈപ്പര്‍ടെക്സ്റ്റുമായി കൂട്ടിയിണക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. 1990-കളിലാണ് വിപ്ലവം സൃഷ്ടിച്ച് എച്ച്ടിടിപി (HTTP- Hyper Text Transfer Protocol ) യും എച്ച്ടിഎംഎല്‍ (HTML- Hyper Text Markup Language) ഉം യുആര്‍എല്‍ ( URL- Uniform Resource Locator) ഉം ടിം ബര്‍ണേഴ്‌സ് ലീ വികസിപ്പിക്കുന്നത്. ആദ്യ വെബ് പേജും ആദ്യ വെബ് സെര്‍വറും ആദ്യ വെബ് ബ്രൗസറും വികസിപ്പിച്ച ടിം ബര്‍ണേഴ്‌സ് ലീ, ഡിജിറ്റല്‍ യുഗത്തിന്റെ കുതിച്ച് ചാട്ടത്തിന് കാരണമായി.

എന്നാല്‍ 1991 ഓഗസ്റ്റ് 6 നാണ് യുആര്‍എലുമായി ആദ്യ വെബ് പേജ് ഓണ്‍ലൈനില്‍ ലഭ്യമായത് എന്ന് ചരിത്രം ചൂണ്ടിക്കാണിക്കുമ്പോഴും അത് കേവലം സെര്‍ണ (CERN) ലെ ശാസ്ത്രജ്ഞര്‍ക്ക് മാത്രം പരിമിത പെടുത്തിയിരുന്നു. 1991 ഓഗസ്റ്റ് 23 നാണ് സെര്‍ണിന് പുറത്ത് നിന്നും ഉപയോക്താളെ വെബിലേക്ക ക്ഷണിക്കുന്നതും പൊതുജനങ്ങള്‍ക്ക് വെബിന്റെ വിശാലമായ ലോകത്തേക്കുള്ള അവകാശം ലഭിക്കുന്നത്. അതിനാല്‍ ഓഗസ്റ്റ് 23 ആണ് വേള്‍ഡ് വൈഡ് വെബിന്റെ ഔദ്യോഗിക വാര്‍ഷിക ദിനമായി ആചരിക്കുന്നത് ( Internaut Day) .

തുടര്‍ന്ന് 1993 ലെ ഏപ്രില്‍ മാസമാണ് വെബിന്റെ ഉപയോഗം എക്കാലവും തുറന്നതും സൗജന്യവുമായി നിലനിര്‍ത്താനുള്ള വിപ്ലവകരമായ തീരുമാനം സെര്‍ണ്‍ അറിയിച്ചത്.
വേള്‍ഡ് വൈഡ് വെബിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോഴും ന്യൂനതകള്‍ ഇനിയും പരിഹരിക്കപ്പെടേണ്ടത് ഉണ്ടെന്ന് ടിം ബര്‍ണേഴ്‌സ് ലീ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സാങ്കേതികതയുടെ കുതിച്ച് ചാട്ടത്തിന് വേള്‍ഡ് വൈഡ് വെബ് നല്‍കിയ സംഭാവനകള്‍ എക്കാലവും ഡിജിറ്റല്‍ ചരിത്രത്തിന്റെ താളുകളില്‍ എഴുതപ്പെട്ടിരിക്കും.

DONT MISS
Top