മൗനമുടച്ച് പെരുമാള്‍ മുരുകന്‍: 200 കവിതകളുമായി തിരിച്ചു വരുന്നു

PERUMAL-MURUKAN

പെരുമാള്‍ മുരുകന്‍ ഭാര്യയ്ക്കൊപ്പം സേലം എക്സ്പ്രസില്‍

ചെന്നൈ: ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണി മൂലം എഴുത്ത് നിര്‍ത്തിയ പ്രശസ്ത തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ തിരിച്ചുവരുന്നു. 200 രഹസ്യ കവിതകളുടെ സമാഹാരവുമായാണ് അദ്ദേഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്.
കോഴയിന്‍ പാടള്‍കള്‍(ഭീരുക്കളുടെ പാട്ടുകള്‍) എന്നുപേരിട്ട ഇരുന്നൂറ് കവിതകളുടെ സമാഹാരമാണ് പെരുമാള്‍ മുരുകന്റേതായി പുറത്തിറങ്ങുന്നത്.

തനിക്ക് വായിക്കാന്‍ വേണ്ടി മാത്രം രചിച്ച 200 കവിതകളാണ് സമാഹാരത്തിലുണ്ടാവുകയെന്ന അദ്ദേഹം വ്യക്തമാക്കി. 2014 ഡിസംബറിലാണ് പെരുമാള്‍ മുരുകന്‍ എഴുത്ത് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. മാതൊരുഭാഗന്‍ (അര്‍ദ്ധനാരീശ്വരന്‍) എന്ന നോവലിനെതിരെ ഹിന്ദുത്വ സംഘടനകളുടെയും ജാതി സംഘടനകളുടെയും എതിര്‍പ്പിനേയും ഭീഷണിയേയും തുടര്‍ന്നായിരുന്നു ഈ പ്രഖ്യാപനം.

പെരുമാള്‍ മുരുകന്റെ വിവാദ നോവല്‍ മാതൊരുഭാഗന്‍

നോവലിന് നാമക്കല്‍ പ്രദേശത്തെ ഹൈന്ദവ വിശ്വാസികള്‍ ഏര്‍പ്പെടുത്തിയ നിരോധനം തള്ളിക്കളഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി പിന്നീട് വിധി പ്രസ്താവിച്ചു.

നാമക്കലുള്ള തിരുച്ചെങ്കോട് എന്ന ദേശത്തെ ക്ഷേത്രത്തെ ചുറ്റിപറ്റിയായിരുന്നു നോവല്‍. നാട്ടില്‍ കുട്ടികളില്ലാത്തവര്‍ക്കുള്ള ആശ്രയമായാണ് ഈ ക്ഷേത്രം കരുതപ്പെടുന്നത്. ഇവിടെ ഉത്സവദിനത്തില്‍ ഏതു സ്ത്രീയ്ക്കും പുരുഷനും അവരുടെ പങ്കാളി അല്ലാതെ ആരുടെ ഒപ്പം വേണമെങ്കിലും ക്ഷേത്ര ആചാരമനുസരിച്ചു ലൈംഗികതയില്‍ ഏര്‍പ്പെടാമെന്നും അങ്ങനെ ലഭിക്കുന്ന കുഞ്ഞിനെ ദൈവത്തിന്റെ കുട്ടി ആയാണ് ഇവര്‍ അംഗീകരിക്കുക എന്നതുമായ ആചാരത്തെ നിരന്തരമായ പഠനത്തിന് ശേഷം പുസ്തകരൂപത്തിലാക്കുകയായിരുന്നു പെരുമാള്‍ മുരുഗന്‍.

എന്നാല്‍ നോവലില്‍ പറഞ്ഞിരിക്കുന്ന കാര്യം തങ്ങളുടെ വിശ്വാസത്തെ മുറിവേല്‍പ്പിച്ചു എന്ന ആരോപണവുമായി നാമക്കലിലെ ഹൈന്ദവ വിശ്വാസികള്‍ രംഗത്തെത്തുകായായിരുന്നു. തുടര്‍ന്നു നോവല്‍ വലിയ വിവാദമാവുകയും ചെയ്തു. ഇതോടെ പെരുമാള്‍ മുരുകന്‍ തന്റെ നോവല്‍ പിന്‍വലിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. മാത്രമല്ല വിവാദമായ ഭാഗങ്ങള്‍ പിന്‍വലിക്കാമെന്നും അറിയിച്ചു.

എഴുത്തുകാരന്റെ മരണം പ്രഖ്യാപിച്ച പെരുമാള്‍ മുരുകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

പിന്നീട് 2014 ഡിസംബറിലാണ് പെരുമാള്‍ മുരുകന്റെ ഫേസ്ബുക് പോസ്റ്റ് പുറത്തുവന്നത്. ‘ എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ മരിച്ചു. അയാള്‍ ഒരു ദൈവമല്ല. അതുകൊണ്ട് അയാള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനും സാധ്യമല്ല. ഇനിമുതല്‍ പി.മുരുഗന്‍ എന്ന അധ്യാപകന്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്.’ അത് ഒരു എഴുത്തുകാരന്റെ ആത്മഹത്യാക്കുറിപ്പായിരുന്നു. ആ കുറിപ്പെഴുതി 20 മാസങ്ങള്‍ക്ക് ശേഷമാണ് പെരുമാള്‍ മുരുകന്‍ വീണ്ടും എഴുത്തിലേക്ക് തിരിച്ചെത്തുന്നത്.

DONT MISS
Top