ബിഹാറില്‍ വെള്ളമില്ലാതെ ഉപേക്ഷിച്ച കിണറ് നിറയെ പെട്രോള്‍; അവകാശവാദം ഉന്നയിച്ച് നാട്ടുകാര്‍ തമ്മില്‍ തര്‍ക്കം

bihar

ഗയ: ബിഹാറില്‍ ഉപേക്ഷിക്കപ്പെട്ട കിണറ് നിറയെ പെട്രോള്‍കണ്ടെത്തി. ഗയ ജില്ലയിലെ രാംപൂര്‍ താന ഏരിയയിലാണ് വെള്ളമില്ലാതായതോടെ നാട്ടുകാര്‍ ഉപേക്ഷിച്ച രണ്ട് കിണറിലും ഇന്ധനം നിറഞ്ഞത്. ഇത് കാണാനും ശേഖരിക്കാനുമായി ജനങ്ങള്‍ ഗ്രാമത്തിലേക്ക് ഒഴുകിയെത്തി.

ചിലര്‍ ഇതിന്റെ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതും പ്രദേശത്ത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി. പിന്നീട് ജില്ലാ ഭരണാധികാരികളെത്തി കിണറിന്റെ നിയന്ത്രണം ഏറ്റെടുത്തു.

ഉപേക്ഷിക്കപ്പെട്ട കിണറില്‍ വീണ്ടും വെള്ളമെത്തിയ സന്തോഷത്തിലാണ് നാട്ടുകാര്‍ വെള്ളം ശേഖരിക്കാനെത്തിയത്. എന്നാല്‍ കോരിയെടുത്ത വെള്ളത്തിന് പെട്രോളിന്റേയും ഡീസലിന്റേയും സമ്മിശ്ര ഗന്ധം. സംശയം തീര്‍ക്കാന്‍ പരീക്ഷണം നടത്തിയവര്‍ ഞെട്ടി. ഇതോടെ ഗ്രാമം മുഴുവന്‍ കിണറ്റിന്‍ കരയിലേക്കൊഴുകി. വാര്‍ത്ത ഗ്രാമത്തിന് പുറത്തേക്ക് പരന്നതോടെ ജന പ്രവാഹമായി.

വന്നവര്‍ മുഴുവന്‍ ഇന്ധനം ശേഖരിച്ച് വീട്ടലെത്തിക്കാന്‍ നെട്ടോട്ടമോടി. തിരക്ക് നിയന്ത്രണാധീതമായതോടെ പൊലീസുമെത്തി. എല്ലാ വീടുകളിലും ഇന്ധന ശേഖരമായതോടെ ദുരന്തമുണ്ടാക്കുമോയെന്ന ഭീതിയിലായ് പ്രാദേശിക ഭരണകൂടം പിന്നീട് സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു. ഇന്ത്യന്‍ ഓയില്‍ അധികൃതരും ഗ്രാമത്തിലെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിലെ ശാസ്ത്രീയ പ്രതിഭാസം എന്താണെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.

DONT MISS
Top