പുല്ലേല ഗോപീചന്ദ്; പോരാളിക്ക് പിന്നിലെ ആ തേരാളി

gopi

റിയോയിലെ മെഡല്‍ ദാന ചടങ്ങില്‍ പി.വി സിന്ധുവിന്റെ ചുണ്ടുകളില്‍ വിരിഞ്ഞ പുഞ്ചിരി, തന്റെ പരിശീലകനായ പുല്ലേല ഗോപീചന്ദിനുള്ള സമ്മാനമായിരുന്നു. വീഴ്ചയിലും നേട്ടത്തിലും എന്നും ഒപ്പം നിന്ന പരിശീലകന്‍ ഗോപീചന്ദാണ് പി.വി സിന്ധുവിന്റെ വിജയശില്‍പി.

gopi1

2001ല്‍ ബാഡ്മിന്റണിന്റെ ഓസ്‌കര്‍ ആയ ആള്‍ ഇഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ പുല്ലേല ഗോപിചന്ദ് കിരീടമണിയുമ്പോള്‍ ഹൈദരാബാദുകാരി പി.വി സിന്ധുവിന് ആറ് വയസ്സ് മാത്രം. വോളിബോള്‍ താരങ്ങളുടെ മകളായിട്ടും ഗോപീചന്ദിന്റെ നേട്ടങ്ങളില്‍ ആകൃഷ്ടയായ സിന്ധു ബാഡ്മിന്റണിലേക്ക് തിരിഞ്ഞു. ബാഡ്മിന്റണിലെ ഉയരക്കാരെ ഇഷ്ടപ്പെടുന്ന ഗോപീചന്ദ്, സിന്ധുവിനെ കരുത്തയാക്കി. മികച്ച കായികക്ഷമതയുള്ള കായിക താരമായാണ് സിന്ധുവിനെ ഗോപീചന്ദ് വളര്‍ത്തിയെടുത്തത്. ഉയരക്കൂടുതലാണ് സിന്ധുവിന്റെ കരുത്തെന്ന് തിരിച്ചറിഞ്ഞ ഗോപീചന്ദ്, സിന്ധുവിന്റെ മത്സരശൈലി തന്ത്രപരമായി ക്രമീകരിച്ചു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി ഗോപീചന്ദിന്റെ കീഴില്‍ പരിശീലനം നടത്തുന്ന പി.വി സിന്ധു രണ്ട് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലം നേടിയിട്ടുണ്ട്. 2012 ലെ ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി തുടങ്ങിയ പി.വി സിന്ധു പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. പ്രമുഖ ടൂര്‍ണ്ണമെന്റുകളില്‍ മെഡലുകള്‍ പലതും സിന്ധു സ്വന്തമാക്കി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി മെഡല്‍ നേട്ടം കൈവരിക്കുന്ന താരവും ഇന്ത്യയുടെ പി.വി സിന്ധു തന്നെയാണ്. മത്സരത്തില്‍ ആക്രമണ ശൈലി പുറത്തെടുക്കാന്‍ സിന്ധുവിനെ നിര്‍ബന്ധിച്ച ഗോപീചന്ദ് സിന്ധുവിന്റെ ഉയര്‍ച്ചയക്ക് പ്രധാന കാരണമായി.

gopichand1
ഒളിമ്പിക്‌സിന്റെ ഉന്നത വേദിയില്‍ ഗോപീചന്ദ് ഓതി കൊടുത്ത വിജയമന്ത്രങ്ങളുമായിട്ടാണ് സിന്ധു കളം പിടിച്ചത്. ആക്രമണ ശൈലിയുടെ മൂര്‍ത്ത ഭാവവുമായി ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിറഞ്ഞ് കളിച്ച സിന്ധു ഉയരങ്ങളിലേക്കാണ് പറന്നുയരുന്നത്. റിയോയില്‍ സിന്ധു മെഡല്‍ അണിയുമ്പോള്‍ ഗോപീചന്ദ് എന്ന മാന്ത്രിക പരിശീലകനോട് രാജ്യം കടപ്പെട്ടിരിക്കും.

DONT MISS
Top