പുര്‍സല വെങ്കിട സിന്ധു അഥവാ പിവി സിന്ധു, ഇന്ത്യയുടെ യശസുയര്‍ത്തിയ ആ സുവര്‍ണതാരത്തെക്കുറിച്ച്

sindhu after receiving medal

മെഡലേറ്റുവാങ്ങിയ ശേഷം സിന്ധു

പുര്‍സല വെങ്കിട സിന്ധു, 125 കോടി ജനങ്ങളുടെ ഹൃദയങ്ങളില്‍ സ്വര്‍ണത്തിളക്കമുള്ള നാമമാണിത്. അവളിന്ന് ഒരു നാടിന്റെയാകെ വികാരമാണ്, ഒരു ജനതയുടെ അഭിമാനത്തിന്റെ മറുപേരാണ്. ആദ്യമായി ഒളിമ്പിക് വെള്ളിമെഡലെന്ന നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ വനിതാ താരമെന്ന ബഹുമതിയും ഇനി സിന്ധുവില്‍ സുരക്ഷിതം. ബാറ്റ്മിന്റണില്‍ ഒളിമ്പിക്‌സ് ഫൈനലിലെത്തി, പൊരുതിത്തോറ്റ്, വെള്ളിമെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരത്തിന്റെ ആ കരുത്തുള്ള ജീവിതത്തിലേക്ക്.

വളര്‍ന്നുവരുന്ന ഒരായിരം സിന്ധുമാര്‍ക്ക് ആവേശമായി ലോകത്തിന് നെറുകയലേക്ക് നടന്നുകയറിയ ഈ തെലുങ്കാനയുടെ പുത്രി, ഒളിംപിക്‌സ് മെഡല്‍ സാധ്യതകളുടെ ചര്‍ച്ചകളില്‍ ആരും പരാമര്‍ശിക്കാഞ്ഞ ഒരു പേരായിരുന്നു. എന്നാല്‍ ഇന്ന് വാര്‍ത്തകളില്‍ സിന്ധുമയമാണ്. സിന്ധുവിനെ വര്‍ണിക്കാന്‍ വാര്‍ത്താതലക്കെട്ടുകള്‍ മത്സരിച്ച് മുന്നേറുന്നു, അതാണ് സിന്ധു, എഴുതിത്തള്ളിയിടത്ത് നിന്ന്, എഴുതിത്തള്ളിയവരുടെ മുന്‍പില്‍ 125 കോടി ജനതയുടെ പ്രതീക്ഷയായി അഭിമാനമായി വിളങ്ങി നില്‍ക്കുന്നു.

സിന്ധു റിയോയില്‍ മത്സരത്തിനിടെ

എന്നും സൈന എന്ന വടവൃക്ഷത്തിന്റെ തണലില്‍ ഒതുങ്ങാനായിരുന്നു സിന്ധുവിന്റെ വിധി. ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന ടൂര്‍ണമെന്റുകളില്‍ ഏവരുടേയും പ്രതീക്ഷയും ചര്‍ച്ചാ കേന്ദ്രവും സൈന ആയിരിക്കും. പക്ഷെ അത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും സൈനയേക്കാള്‍ മുന്നേറാന്‍ സിന്ധുവിന് കഴിഞ്ഞിരുന്നു. എങ്കിലും സൈന തന്ന പ്രതീക്ഷ എന്ന ഇന്ത്യന്‍ ശീലത്തിന് മാറ്റമൊന്നും ഉണ്ടായില്ല. റിയോയില്‍ ഒളിംപിക്‌സിന് ഇറങ്ങുമ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. രണ്ട് ലോക ചാമ്പ്യന്‍ ഷിപ്പുകളില്‍ തുടര്‍ച്ചയായി മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരമെന്ന പരിഗണന പോലും സിന്ധുവിന് നല്‍കിയില്ല. 2013, 2014 ലോകചാമ്പ്യന്‍ഷിപ്പുകളിലായിരുന്നു സിന്ധുവിന്റെ വെങ്കല മെഡല്‍ നേട്ടങ്ങള്‍. സൈനയ്ക്ക് പോലും സാധിക്കാത്ത നേട്ടം. പക്ഷെ എന്തുകൊണ്ടോ നമ്മുടെ ചര്‍ച്ചകള്‍ സൈനയില്‍ കറങ്ങിത്തിരിഞ്ഞ് നിന്നു.

sindhu-family

കായികപാരമ്പര്യമുള്ള വീട്ടില്‍ നിന്നാണ് സിന്ധുവിന്റെ വരവ്. പുര്‍സല വെങ്കിട സിന്ധു എന്ന പി വി സിന്ധു 1995 ജൂലൈ 21 ന് ജനിച്ചു. അച്ഛന്‍ വെങ്കിട്ട രമണയും അമ്മ വിജയയും വോളീബോള്‍ താരങ്ങള്‍. ഇരുവരും പ്രണയത്തിലായതും വോളീബോള്‍ കോര്‍ട്ടില്‍ വെച്ചുതന്നെ. പക്ഷെ സിന്ധുവിന്റെ പ്രണയം ബാഡ്മിന്റണ്‍ കോര്‍ട്ടിനോടായിരുന്നു. സിന്ധു തന്റെ വഴി സ്വയം തെരഞ്ഞെടുത്തതാണെന്ന് അച്ഛനും വ്യക്തമാക്കുന്നു. സിന്ധുവിന് ഏഴ് വയസ് മാത്രം പ്രായം ഉണ്ടായുന്നപ്പോഴാണ് ഇപ്പോഴത്തെ പരിശീലകനായ പി ഗോപീചന്ദ് ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ കിരീടം നേടുന്നത്. ഈ വാര്‍ത്തയാണ് സിന്ധിവിനെ ബാഡ്മിന്റണിലേക്ക് ആകര്‍ഷിച്ചത്. അച്ഛന്റെയും അമ്മയുടേയും വോളീബോള്‍ സ്മാഷുകള്‍ കണ്ട് കൈയ്യടിച്ച കൊച്ചുമിടുക്കി ഷട്ടിലില്‍ സ്മാഷുകള്‍ തീര്‍ക്കാന്‍ മനസുകൊണ്ട് വെമ്പി. ബാലപാഠങ്ങള്‍ സ്വായത്തമാക്കിയ ശേഷം മനസിലെ ദ്രോണാചാര്യരായിരുന്ന ഗോപീചന്ദിന്റെ അക്കാദമിയില്‍ എട്ട് വര്‍ഷം മുന്‍പ് എത്തി. ഇവിടെയാണ് സിന്ധു രൂപപ്പെടുന്നത്.

SINDHU

2009 ലാണ് സിന്ധു ബാഡ്മിന്റണ്‍ രംഗത്തേക്കുള്ള വരവറിയിച്ചത്. കൊളംബോയില്‍ നടന്ന സബ് ജൂനിയര്‍ ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല നേട്ടത്തോടെയായിരുന്നു ഇന്ത്യന്‍ കായികരംഗത്ത് ശ്രദ്ധേ നേടിയത്. 2010 ല്‍ മെക്‌സിക്കോയിലെ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലെത്തിയത് ലോകത്തിന്റെ ശ്രദ്ധയിലേക്ക് സിന്ധുവിനെ കൈപിടിച്ചുയര്‍ത്തി. അടുത്ത വര്‍ഷം സിന്ധു ശരിക്കും തന്റേതാക്കി മാറ്റി. കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ സിന്ധു ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സിലും മിക്‌സഡ് ഡബിള്‍സിലും വെങ്കലം കരസ്ഥമാക്കി. 2012 ല്‍ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി തന്റെ ശക്തി ലോകത്തോട് വിളിച്ചോതി. അതേവര്‍ഷം ചൈനാ മാസ്റ്റേഴ്‌സില്‍ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ ലി സുറേയിയെ അട്ടിമറിച്ച സിന്ധു ചില സൂചനകള്‍ നല്‍കുകയായിരുന്നു. ബാഡ്മിന്റണിലെ അനിഷേധ്യ ശക്തയായ ചൈനയ്‌ക്കെതിരായ വിജയം സിന്ധുവിനെ ചൈനയുടെ കണ്ണിലെ കരടാക്കി. ഒപ്പം ഇന്ത്യന്‍ കായിക പ്രേമികളുടെ കണ്‍മണിയായും ഈ ഹൈദരാബാദുകാരി മാറി.

coach-sindhu

2013 ല്‍ മലേഷ്യന്‍ ഓപ്പണ്‍ ഗ്രാന്റ് പ്രീയില്‍ കിരീടം നേടി സിന്ധു ഇന്ത്യയ്ക്ക് പുതുതാരോദയമായി മാറി. അതേവര്‍ഷം മറ്റൊരു ചരിത്ര നേട്ടവും സിന്ധു കുറിച്ചു. ലോകചാമ്പ്യന്‍ഷിപ്പ് ബാഡ്മിന്റണില്‍ ആദ്യമായി ഇന്ത്യയ്ക്ക് മെഡല്‍ നേടിക്കൊടുക്കുന്ന താരമായി സിന്ധുമാറി. ഗ്വാന്‍ഷുവിലായിരുന്നു ഈ നേട്ടം. തീര്‍ന്നില്ല അടുത്ത വര്‍ഷവും നേട്ടം മെഡല്‍ നേട്ടം ആവര്‍ത്തിച്ച താരം അവിടെയും ചരിത്രം കുറിച്ചു. തുടര്‍ച്ചയായി രണ്ട് ലോകചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ബാഡ്മിന്റണ്‍ താരം.

pv-sindhu

റിയോയില്‍ ഇന്ത്യയുടെ സ്വാഭാവിക പ്രതീക്ഷാ താരം സൈന തന്നെയായിരുന്നു. എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ സൈന പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചെന്ന തരത്തിലായിരുന്നു കാര്യങ്ങള്‍. ശേഷിച്ചിരുന്ന സിന്ധുവില്‍ വെറുതെയങ്കിലും പ്രതീക്ഷയര്‍പ്പിക്കാന്‍ ആരും തയ്യാറായില്ല. നിശബ്ദതയില്‍ നിന്ന് ഒരു സ്‌ഫോടനമായി സിന്ധു ഉയര്‍ന്നതോടെയാണ് തൂലികകളും നാവുകളും ആ പേരിന് പിറകെ കൂടിയത്. ഇന്ന് 125 കോടിയുടെ അഭിമാനത്തിന്റെ പ്രതീകമാണ് സിന്ധു. കാരണം ഇന്ത്യന്‍ പ്രതീക്ഷകളെ ശൂന്യതയില്‍ നിന്നും ആകാശത്തോളം ഉയര്‍ത്തിവളാണവര്‍. കരുത്തും കഴിവുമുണ്ടായിട്ടും എവിടെയുമെത്താത്ത ഒരായിരം സിന്ധുമാര്‍ക്ക് സ്വര്‍ണച്ചിറകുവെച്ച് പറക്കാന്‍ സിന്ധുവിന്ന് പ്രചോദനമാണ്. റിയോയിലെ വിക്ടറി സ്റ്റാന്റില്‍ നീ പ്രതിനിധീകരിച്ചത് ഞങ്ങളെ ഓരോരുത്തരെയുമാണ്. പ്രിയ സിന്ധു, നിനക്ക് നന്ദി

DONT MISS
Top