ആരാധകര്‍ ആകാംക്ഷയില്‍; ഓഗസ്റ്റ് 22-ന് ന്യൂഗട്ട് ലഭിക്കുമോ?

ANDROID

ആന്‍ഡ്രോയ്ഡ് ന്യൂഗട്ട്

ഗൂഗിളിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് ന്യൂഗട്ടിന്റെ വരവും കാത്ത് കാലം കുറച്ചായി ലോകമെമ്പാടുമുള്ള ആരാധകര്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്. ഓഗസ്റ്റ് 22-ഓടെ പുതിയ പതിപ്പായ ന്യൂഗട്ടിന്റെ അപ്‌ഡേറ്റഡ് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളിലേക്ക് എത്തുമെന്ന പുതിയ വാര്‍ത്ത ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷകള്‍ നല്‍കുകയാണ്.

9to5Google ആണ് കാനേഡിയന്‍ കാരിയറായ ടെലസ്സില്‍ നിന്നും ന്യൂഗട്ടിന്റെ അപ്‌ഡേറ്റ് ഷെഡ്യൂള്‍ ചോര്‍ത്തി, ഓഗസ്റ്റ് 22 ന് ലോകമെമ്പാടും ന്യൂഗട്ട് ലഭിച്ചു തുടങ്ങും എന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ടെലസ്സിന്റെ അപ്‌ഡേറ്റ് ഷെഡ്യൂള്‍ പ്രകാരമായിരുന്നു മുമ്പ്, ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്‌മെല്ലോയുടെ സെക്യൂരിറ്റി പാച്ച് ഈ മാസം തുടക്കത്തില്‍ ലഭിച്ചിരുന്നത്.

നേരത്തെ, ഗൂഗിള്‍ നെക്‌സസ്, സോണി എക്‌സ്പീരിയ Z3, എക്‌സ്പീരിയ എക്‌സ് പെര്‍ഫോര്‍മന്‍സ്, ഹൂവെയ് പി 9, എല്‍ജി ജി 5 എന്നീ സ്മാര്‍ട്ട്‌ഫോണുകളില്‍ ന്യൂഗട്ടിന്റെ പ്രിവ്യൂ എഡിഷനുകള്‍ നല്‍കിയിരുന്നു. അതിനാല്‍ ഹൂവെയ്, സോണി, എല്‍ജി സ്മാര്‍ട്ട് ഫോണുകളുടെ ഉടമസ്ഥര്‍ക്ക് ന്യൂഗട്ട് പതിപ്പ് വേഗത്തില്‍ ലഭിക്കാന്‍ സാധ്യതയേറും. എന്നാല്‍, പതിവ് പോലെ നെക്‌സസ് നിരയിലേക്കാണ് ന്യൂഗട്ട് അപ്‌ഡേറ്റിന്റെ ആദ്യ വരവ് പ്രതീക്ഷിക്കുന്നത്. സ്പ്ലിറ്റ് സ്‌ക്രീന്‍ മള്‍ട്ടി ടാസ്‌കിങ്ങ്, പ്രൊജക്ട് സ്വല്‍ടെ, ഡിസൈന്‍ അപ്‌ഗ്രഡേഷന്‍ മുതലായ സജ്ജീകരണങ്ങളാണ് ന്യൂഗട്ടില്‍ ഗൂഗിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

DONT MISS
Top